നോക്കുകൂലി അവസാനിപ്പിച്ചു,കെ റെയില്‍ ഇന്നല്ലെങ്കില്‍ നാളെ യാഥാര്‍ത്ഥ്യം;അമേരിക്കയില്‍ മുഖ്യമന്ത്രി

ന്യൂയോര്‍ക്ക്: കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ഇന്നല്ലെങ്കില്‍ നാളെ യാഥാര്‍ഥ്യമാകും. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വന്ദേഭാരത് ട്രെയിനിന് ലഭിച്ച മികച്ച സ്വീകാര്യത ലഭിച്ചതുവഴി, അതിവേഗ ട്രെയിനിന്റെ ആവശ്യകത ആളുകള്‍ക്ക് മനസ്സിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകകേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ ബിസിനസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിവേഗത്തിലോടുന്ന വന്ദേഭാരത് ജനങ്ങളില്‍ വലിയ സ്വീകാര്യതയുണ്ടാക്കി. കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാനുള്ള ശ്രമങ്ങളിലാണ്. ഒരു വിഭാഗം അതിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തി. കെ-റെയിലിന് അനുമതി ലഭ്യമാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള വിവിധ തരത്തിലുള്ള സമ്മര്‍ദങ്ങള്‍ കേന്ദ്രങ്ങളിലെത്തി. അതിനാല്‍ കെ-റെയില്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായില്ല. എന്നാല്‍ അത് യാഥാര്‍ഥ്യമാകുന്ന ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിമാനത്താവളത്തിന് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കി. ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ കെ-ഫോണ്‍ എന്ന സംവിധാനം നടപ്പാക്കി. ഡിജിറ്റല്‍ ഡിവൈഡ് ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ റോഡ് വികസനത്തിലും കേരളം മികച്ചുനില്‍ക്കുന്നു. അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോയപ്പോള്‍ മലയോരമേഖലയിലെ അതീവ ഭംഗിയുള്ള റോഡുകള്‍ ആളുകള്‍ കണ്ടതാണെന്നും മുഖ്യമന്ത്രി. ജലഗതാഗതം വര്‍ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. തിരുവനന്തപുരത്തെ കോവളം മുതല്‍ കാസര്‍ക്കോട്ടെ ബേക്കല്‍ വരെ 600 കിലോമീറ്ററിലധികം ദൈര്‍ഘ്യത്തിലുള്ള ജലപാത അതിവേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തി. അതിന് തടസ്സമാകുന്ന വിധത്തിലുള്ള നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിച്ചു. തൊഴില്‍രംഗത്തെ പ്രശ്‌നങ്ങള്‍ തീര്‍ത്തു. നേരത്തേ എല്ലാ ട്രേഡ് യൂണിയനുകളെയും വിളിച്ചുകൂട്ടി നോക്കുകൂലി വാങ്ങുന്ന രീതി അവസാനിപ്പിക്കുകയും നിയമംമൂലം നിരോധിക്കുകയും ചെയ്തു. സംഘടനയുടെ പേരില്‍ പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ച്ചെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയും അവസാനിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വതലസ്പര്‍ശിയും സാമൂഹികനീതിയില്‍ അമധിഷ്ഠിതവുമായ പൊതുവികസനമാണ് കേരളത്തിനാവശ്യം. ഇതിനായി അമേരിക്കയിലെ പ്രവാസി മലയാളികളുടെ പിന്തുണ അദ്ദേഹം തേടി.