KSRTC കർണാടക ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ചെയ്യാം; പക്ഷേ ഈ രേഖകളിലൊന്ന് കയ്യില്‍ കരുതണം; ആർക്കൊക്കെയാണ് ചെയ്യാനാകുകയെന്ന് കൂടുതൽ അറിയാം

മംഗ്‌ളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍കാരിന്റെ ‘ശക്തി’ പദ്ധതി പ്രാബല്യത്തില്‍ വന്നതോടെ ദക്ഷിണ കന്നഡ, ഉഡുപി ജില്ലാകളിലായി 644 കെഎസ്‌ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം ലഭിക്കും.
പ്രതിദിനം 3,512 ട്രിപുകളാണ് ഈ ബസുകള്‍ക്കുള്ളത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗ്‌ളൂറില്‍ പദ്ധതി ഉദ്ഘാടനം ചെയ്തപ്പോള്‍, ദക്ഷിണ കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേഷ് ഗുണ്ടു റാവു മംഗ്‌ളൂറിലെ ബെജായ് ബസ് ടെര്‍മിനലില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
51 സിറ്റി ബസുകളും 104 ഓര്‍ഡിനറി ബസുകളും 148 എക്സ്പ്രസ് ബസുകളും ഉള്‍പെടെ ആകെ 303 ബസുകളാണ് കെഎസ്‌ആര്‍ടിസിയുടെ മംഗ്‌ളുറു ഡിവിഷനില്‍ സര്‍വീസ് നടത്തുന്നത്. ഈ ബസുകള്‍ ഓരോ ദിവസവും യഥാക്രമം 509, 576, 303 ട്രിപുകള്‍ നടത്തുന്നു. പുത്തൂര്‍ ഡിവിഷനില്‍ 222 ഓര്‍ഡിനറി ബസുകളും 119 എക്‌സ്പ്രസ് ബസുകളുമായി 341 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇവിടെ പ്രതിദിനം 1716, 262 എന്നിങ്ങനെ ട്രിപുകള്‍ നടത്തുന്നതായി കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
ഏതിലൊക്കെ യാത്ര ചെയ്യാം?
കൂടാതെ, എന്‍ഡബ്ലുകെആര്‍ടിസി (NWKRTC), കെകെആര്‍ടിസി (KKRTC) എന്നിവ മംഗ്‌ളൂറില്‍ നിന്ന് 120 എക്സ്പ്രസ് ട്രിപുകളും 181 സാധാരണ ട്രിപുകളും നടത്തുന്നു. കര്‍ണാടകയില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ഉള്‍പെടെയുള്ള സ്ത്രീകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. കെഎസ്‌ആര്‍ടിസി, ബിഎംടിസി, എന്‍ഡബ്ല്യുകെആര്‍ടിസി, കല്യാണ കര്‍ണാടക ആര്‍ടിസി എന്നിവയുടെ എല്ലാ ഓര്‍ഡിനറി, എക്‌സ്പ്രസ് സര്‍വീസുകളിലും സംസ്ഥാനത്തുടനീളം ദൂര നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാം. എന്നിരുന്നാലും, പ്രീമിയം സേവനങ്ങളായ രാജഹംസയിലും അതിനു മുകളിലുള്ള ക്ലാസുകളിലും ഈ സൗകര്യം ലഭ്യമല്ല.
ആവശ്യമായ രേഖകള്‍
സൗജന്യ യാത്രാ സൗകര്യം ലഭിക്കുന്നതിന്, സ്ത്രീകള്‍ കര്‍ണാടകയിലെ തങ്ങളുടെ താമസസ്ഥലം സ്ഥിരീകരിക്കുന്നതിന് ഇനിപ്പറയുന്ന ഒറിജിനല്‍ രേഖകളില്‍ ഒന്ന് കൈവശം വയ്ക്കണം, അല്ലെങ്കില്‍ ഡിജിലോകര്‍ വഴി ഡിജിറ്റലായി കാണിക്കാവുന്നതാണ്.
ആധാര്‍ കാര്‍ഡ്
ഇലക്ടറല്‍ ഫോടോ ഐഡന്റിറ്റി കാര്‍ഡ് (EPIC)
ഡ്രൈവിംഗ് ലൈസന്‍സ്,
കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സര്‍കാര്‍ വകുപ്പുകള്‍ അല്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കിയ താമസ വിലാസം വ്യക്തമാക്കുന്ന ഐഡി കാര്‍ഡുകള്‍
* കര്‍ണാടകയിലെ വികലാംഗ ക്ഷേമ വകുപ്പ് നല്‍കുന്ന ഐഡി കാര്‍ഡ്.





