നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 11 വയസുകാരൻ;
ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ നിഹാല്‍; കുഞ്ഞുശരീരം കണ്ടെത്തിയത് നായ്ക്കള്‍ കടിച്ചുപറിച്ച നിലയില്‍

മുഴപ്പിലങ്ങാട് : തെരുവുനായകളുടെ ആക്രമണത്തിൽ 11 വയസ്സുകാരൻ മരിച്ച വിവരമറിഞ്ഞ് വിറങ്ങലിച്ചുനിൽക്കുകയാണ് മുഴപ്പിലങ്ങാട് ഗ്രാമം. തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന സംഭവങ്ങൾ നിത്യേന കേൾക്കുന്നുണ്ടെങ്കിലും പിഞ്ചുബാലൻ ഇതിന് ഇരയായെന്ന് വിശ്വസിക്കാനാവുന്നില്ല പ്രദേശവാസികൾക്ക്. ഓട്ടിസം ബാധിച്ച്, സംസാരശേഷി കുറഞ്ഞ കുട്ടിയെ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുൽ റഹ്‌മയിൽ നിഹാൽ നൗഷാദ് (11) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരമുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രി എട്ടോടെയാണ് 300 മീറ്റർ അകലെയുള്ള ആൾപ്പാർപ്പില്ലാത്ത വീടിന്റെ പിൻഭാഗത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ശരീരം മുഴുവൻ തെരുവുനായ്ക്കൾ കടിച്ചുപറിച്ചിട്ടുണ്ട്. അരയ്ക്ക് താഴെ മുഴുവൻ മുറിവുകളുണ്ട്. വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടിയുടെ പിന്നാലെ നായക്കൂട്ടം ഓടിയപ്പോൾ പേടിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതാകാമെന്നും അവിടെവെച്ചായിരിക്കാം നായകളുടെ ആക്രമണമെന്നും കരുതുന്നു. വൈകീട്ടുമുതൽ കാണാതായ കുട്ടിക്കുവേണ്ടി നാട്ടുകാർ തിരച്ചിൽ തുടങ്ങിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയും വിവരം പ്രചരിപ്പിച്ചു. നായകളുടെ ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു. എന്നാൽ കുഞ്ഞിനെ കടിച്ചുകീറുന്നതാണെന്ന് അവരാരും ആദ്യം കരുതിയില്ല. സംസാരശേഷിയില്ലാത്ത കുഞ്ഞിന്റെ കരച്ചിലും ആരും കേട്ടില്ല. സംശയം തോന്നിയ ചിലരാണ് ആളൊഴിഞ്ഞ വീട്ടുപരിസരത്ത് പരിശോധിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെ കുട്ടിയെ കാണാനില്ലെന്ന സന്ദേശം ലഭിച്ചത് മുതൽ എടക്കാട് പോലീസും പരിശോധനയ്ക്കിറങ്ങിയിരുന്നു. കെട്ടിനകത്തെ നൗഷാദിന്റെയും (ബഹ്‌റൈൻ) നുസീഫയുടെയും മകനാണ്. സഹോദരൻ: നസൽ. ധർമടം ജേസീസ് സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥിയാണ് നിഹാൽ നൗഷാദ്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിൽ. പ്രദേശത്ത് തെരുവുനായകളുടെ ശല്യം വ്യാപകമാണെന്ന് നേരത്തേതന്നെ പരാതിയുയർന്നിരുന്നു. സ്‌കൂൾ തുറന്നതോടെ കുട്ടികളെ ഏറെ ഭയത്തോടെയാണ് വീട്ടുകാർ അയയ്ക്കുന്നത്. മുതിർന്നവർക്ക് നേരേയും നായകൾ ചാടിയടുക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. നിലവിളിക്കാൻ പോലുമാകാത്ത കുഞ്ഞിന്റെ വേദനയിൽ വിങ്ങി കെട്ടിനകം മുഴപ്പിലങ്ങാട് : നിഹാലിന്റെ ശരീരം കണ്ടവർ കണ്ണുപൊത്തി. പിന്നെ വിതുമ്പിക്കരഞ്ഞു. ഒന്നു നിലവിളിക്കാൻപോലും ആകാത്ത ആ കുഞ്ഞിന്റെ വേദനയോർത്ത് രാത്രി മുഴുവൻ കെട്ടിനകം ഗ്രാമം ഉണർന്നു കരഞ്ഞു. ദാറുൽ റഹ്‌മയിലെ നിഹാലിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. ഓട്ടിസം ബാധിച്ച നിഹാലിന് സംസാരശേഷി കുറവായിരുന്നുവെന്ന് നാട്ടുകാരായ ടി. നസലും ഇ.കെ. റാഷിദും വിതുമ്പലോടെ പറഞ്ഞു. അതാകാം നായകൾ ആക്രമിച്ചപ്പോൾ ഒരാളും അറിയാഞ്ഞതും കേൾക്കാഞ്ഞതും. ഒരു നായ വന്നാലൊന്നും നിഹാലിനെ ഇങ്ങനെ ആക്രമിക്കാനാകില്ലെന്ന് നാട്ടുകാരായ അസീസും ഷംസുവും പറഞ്ഞു. ഒരുപാട് നായകൾ ആക്രമിച്ചിട്ടുണ്ട്. പുഞ്ചിരിക്കുന്ന മുഖത്ത് അത്ര പരിക്കുണ്ടായില്ല. നായയുടെ മാന്തലിൽ കണ്ണിന്റെ പരിക്ക് കാണാം. അരയ്ക്കു താഴെ നായകൾ കടിച്ചുകുടഞ്ഞു. തുടയെല്ല് പുറത്തേക്ക് വന്നു. പറയുമ്പോൾ കണ്ണുനിറഞ്ഞുപോകുന്നവർ. സാധാരണ വീട്ടിൽനിന്ന് അപ്പുറത്തെ കടയിലും അയൽവീട്ടിലും പോയി തിരിച്ചുവരാറുള്ള നിഹാലിനെ അരമണിക്കൂറായിട്ടും കാണാതിരുന്നപ്പോൾ മാതാവ് നുസീഫ ഇത് പ്രതീക്ഷിച്ചില്ല. മോനെ കണ്ടോ എന്ന് ഫോൺ വിളിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് കെട്ടിനകം ഗ്രാമത്തിന്റെ ഉള്ളുലഞ്ഞതെന്ന് പി.കെ. റിഷാദ് പറഞ്ഞു. ഓരോ നിമിഷവും പിന്നെ തീപിടിച്ച നിമിഷങ്ങളായിരുന്നു. ചെറുപ്പക്കാർ മുഴുവൻ നിഹാലിനെ തിരഞ്ഞു. കണ്ടുപിടിച്ചപ്പോഴേക്കും വല്ലാതെ വൈകിപ്പോയിരുന്നു. മുഴപ്പിലങ്ങാട് ബീച്ച് പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യം നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. മുഴപ്പിലങ്ങാട് പഞ്ചായത്തിൽ തെരുവുനായ വന്ധ്യംകരണത്തിന് 75,000 രൂപ വകയിരുത്തിയിട്ടും ഒന്നും നടന്നില്ലെന്ന് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമപേഴ്‌സൺ കെ.വി റജീന പറഞ്ഞു. നായ്ക്കളെ പേടിച്ച് കെട്ടിനകം മദ്രസയിലേക്ക് രക്ഷിതാക്കളെ കൂട്ടിപ്പോകുന്ന വിഷയവും നാട്ടുകാർ വിവരിക്കുന്നു. ബഹ്‌റൈനിലുള്ള പിതാവ് നൗഷാദ് പുറപ്പെട്ടു കഴിഞ്ഞു. ദാറുൽ റഹ്‌മയിൽ കാത്തുനിൽക്കാൻ ഇനി നിഹാലില്ലെന്ന സത്യമറിയാതെ.