7 കൊല്ലമായി കേരളത്തിൽ മാതൃകാ ഭരണം’: ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ സമ്മേളനത്തിൽ പിണറായി

ന്യൂയോർക്ക് ∙ കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തിൽ മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിൽ ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പറഞ്ഞതെല്ലാം പാലിക്കുന്ന സർക്കാരാണ് നിലവിൽ കേരളത്തിലുള്ളത്. ജനം തുടർഭരണം നൽകിയത് വാഗ്ദാനങ്ങൾ പാലിക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗെയ്ൽ, കെ–ഫോൺ, റോഡ് വികസന പദ്ധതികൾ തുടങ്ങിയവ ഉദാഹരണമായും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൈംസ് സ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ വൻ ജനപങ്കാളിത്തമായിരുന്നു. ഇപ്പോൾ അനുമതി ലഭ്യമായില്ലെങ്കിലും നാളെ യാഥാർഥ്യമാകുന്ന പദ്ധതിയാണു കെ റെയിൽ പദ്ധതിയെന്ന്, ലോക കേരള സഭയുടെ ഭാഗമായി നടന്ന ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആർക്കും മനസ്സിലാകാത്ത ചില കാര്യങ്ങൾ പറഞ്ഞാണു കെ റെയിലിനെ അട്ടിമറിച്ചത്. വന്ദേഭാരത് നല്ല സ്വീകാര്യത ജനങ്ങളിലുണ്ടാക്കിയപ്പോഴാണു കെ റെയിലും വേണ്ടിയിരുന്നുവെന്ന ചർച്ചകളുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.