ഒഡിഷ ട്രെയിന്‍ ദുരന്തം: അപകടത്തിന് സമീപമുള്ള ബഹനാഗ റെയില്‍വേ സ്റ്റേഷന് അടച്ചുപൂട്ടി സിബിഐ

288 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ട്രെയിന്‍ അപകടത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷന് അടച്ചുപൂട്ടി സിബിഐ. സ്റ്റേഷനിലൂടെ കടന്നു പോകുന്ന ട്രെയിനുകള്‍ക്ക് സിഗ്നലിംഗ് സംവിധാനം നല്കുന്ന പാനല്‍ റൂം സിബിഐ ഇതിനകം സീല്‍ ചെയ്തിട്ടുണ്ട്. സീല്‍ ചെയ്തതിനാല്‍ സ്റ്റേഷനില്‍ ഇനി തീവണ്ടികള്‍ക്ക് ഹാള്‍ട് അനുവദിക്കില്ല. ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്ഥിരം സ്റ്റോപ്പില്ല. ലോക്കല്‍ പാസഞ്ചര്‍, ഗുഡ്സ് ട്രെയിനുകള്‍ എന്നിവക് സിഗ്നല്‍ നല്‍കുന്നതിനായാണ് ഈ സ്റ്റേഷനില്‍ നിര്‍ത്തുക. ഇനി തീവണ്ടികള്‍ ഹാള്‍ട് ചെയ്യുന്നതിനായി സമീപത്തെ സ്റ്റേഷനുകളായ സോറോയും ഖന്തപാഡയും ഉപയോഗിക്കും. ‘റിലേ റൂമും പാനലും മറ്റ് ഉപകരണങ്ങളും അന്വേഷണത്തിന്റെ ഭാഗമായി സീല്‍ ചെയ്തിരിക്കുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സ്റ്റേഷനില്‍ ട്രെയിനുകള്‍ നിര്‍ത്തില്ല. സിബിഐയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമേ ട്രെയിനുകള്‍ സ്റ്റേഷനില്‍ ഹാള്‍ട് അനുവദിക്കൂ’ – സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആദിത്യ കുമാര്‍ ചൗധരി പറഞ്ഞു.