തിരിച്ചടിക്കുകാരണം സാമൂഹ്യമാധ്യമങ്ങളിലെ ഇടത് വിരുദ്ധ പ്രചാരണം; പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ; ഇടതുപക്ഷമെന്ന് കരുതുന്ന ഗ്രൂപ്പുകളെ വിലയ്ക്ക് വാങ്ങുന്നുവെന്ന്- എം.വി ജയരാജൻ
പാനൂർ: ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുപിന്നിൽ സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ ഇടതുവിരുദ്ധ പ്രചാരണങ്ങളാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. യുവാക്കൾ സാമൂഹ്യമാധ്യമങ്ങൾ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായി. ഇടതുകോട്ടകളിലടക്കം കോൺഗ്രസ് മുന്നേറിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ജയരാജന്‍റെ പരാമർശം.
ഇല്ലാത്ത കാര്യങ്ങളെ അടിസ്ഥാനമാക്കി സോഷ്യൽമീഡിയയിലൂടെ നടത്തുന്ന പ്രചാരണങ്ങളിലാണ് വലതുപക്ഷ രാഷ്ട്രീയക്കാർ നിൽക്കുന്നത്. സോഷ്യൽമീഡിയ ഉപയോഗിച്ച് എന്തുനുണയും പ്രചരിപ്പിക്കാം എന്ന നിലപാടാണ് കോൺഗ്രസും ലീഗും സ്വീകരിക്കുന്നത്. സോഷ്യല്‍ മീഡിയ മാത്രം നോക്കിക്കൊണ്ടിരിക്കുന്ന ശീലം നമ്മുടെ ചെറുപ്പക്കാരില്‍ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നതിന്റെ ദുരന്തമാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ അധിക്ഷേപത്തിന് ഇരയായ ആളാണ് ശൈലജ ടീച്ചർ. അതിനെല്ലാം നേതൃത്വം കൊടുത്തത് സോഷ്യൽമീഡിയയായിരുന്നെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
സാമൂഹിക മാധ്യമങ്ങളിലെ ഇടതുപക്ഷ അനുകൂല ഗ്രൂപ്പുകളെ വിലയ്ക്കെടുക്കുന്നുണ്ടെന്നും ജയരാജൻ പറഞ്ഞു. ചെങ്കോട്ട, പോരാളി ഷാജി തുടങ്ങിയ ഗ്രൂപ്പുകളുടെ അഡ്മിൻമാർ വിലയ്ക്ക് വാങ്ങപ്പെടുന്നുണ്ട്. ആദ്യം ഇത്തരം ഗ്രൂപ്പുകളിൽ ഇടതുപക്ഷ അനുകൂലമായ വാർത്തകൾ വരുമെങ്കിലും പിന്നീട് ഇടതുവിരുദ്ധ പോസ്റ്റുകൾ വരും. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്. ഇക്കാര്യം പാർട്ടി പ്രവർത്തകർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/share/v/pzwXCcvFGHgveRtC/?mibextid=oFDknk