KSDLIVENEWS

Real news for everyone

സ്കൂൾ സമയമാറ്റം മതപഠനത്തെ ബാധിക്കുമെന്ന് സമസ്ത; ഹൈക്കോടതി അംഗീകരിച്ചാല്‍ പിന്‍വലിക്കാമെന്ന് മന്ത്രി

SHARE THIS ON

തിരുവനന്തപുരം/കൊല്ലം: സ്കൂൾ സമയമാറ്റം മതവിദ്യാഭ്യാസം നടത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയോട് പരാതിപ്പെട്ട് സമസ്ത. 12 ലക്ഷം വിദ്യാർഥികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണമെന്ന്, സമസ്തയുടെ ചരിത്രം വിവരിക്കുന്ന പുസ്തകപ്രകാശനച്ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് നിവേദനവും നൽകി.

അതേസമയം, ഹൈക്കോടതി അംഗീകാരമുണ്ടെങ്കിൽ സ്കൂൾ സമയമാറ്റ ഉത്തരവ് പിൻവലിക്കാമെന്ന് മന്ത്രി വി. ശിവൻകുട്ടി കൊല്ലത്ത് പ്രതികരിച്ചു. ഇക്കാര്യത്തിൽ സർക്കാരിന് കടുംപിടുത്തമില്ല -മന്ത്രി പറഞ്ഞു.

ഹൈസ്കൂൾ സമയമാറ്റ ഉത്തരവിറങ്ങി
തിരുവനന്തപുരം: ഹൈസ്കൂളിൽ അരമണിക്കൂർ അധികപഠനം ഉറപ്പാക്കി പൊതുവിദ്യാഭ്യാസവകുപ്പ് ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് 1100 മണിക്കൂർ പഠനസമയം ഉറപ്പാക്കാനാണ് പരിഷ്കാരം. രാവിലെ ഒമ്പതേമുക്കാലിന് തുടങ്ങി വൈകീട്ട് നാലേകാൽവരെയാണ് പുതിയ സമയക്രമം. വെള്ളിയാഴ്ചകളിൽ ഇത് ബാധകമല്ല. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളെല്ലാം പുതിയ സമയക്രമം പാലിക്കണം.

ദിവസത്തിൽ എട്ടുപിരിയഡുണ്ടാവും. എല്ലാ പിരിയഡിനും ഒരേ സമയദൈർഘ്യമല്ല. ആദ്യ രണ്ടുപിരിയഡുകൾ മുക്കാൽ മണിക്കൂർ വീതവും പിന്നീട് നാലെണ്ണം 40 മിനിറ്റു വീതവും വൈകീട്ടത്തെ രണ്ടു പിരിയഡുകൾ 35 മിനിറ്റും 30 മിനിറ്റും വരുന്ന തരത്തിലാണ് ക്രമീകരണം.

ശനിയാഴ്ച പ്രവൃത്തിദിനം

യുപി ക്ലാസുകളിൽ ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത വിധത്തിൽ രണ്ടുശനിയാഴ്ചകളിൽ സ്കൂൾ പ്രവർത്തിക്കും. ഹൈസ്കൂളിൽ ആറ് ശനിയാഴ്ചകളും പ്രവൃത്തിദിനമായിരിക്കും. എൽപിയിൽ ശനിയാഴ്ച പ്രവൃത്തിദിനമില്ല.

യുപിയിൽ ജൂലായ് 26-നും ഒക്ടോബർ 25-നുമാണ് ശനിയാഴ്ച പ്രവൃത്തിദിനം. ഹൈസ്കൂളിൽ ജൂലായ് 26, ഓഗസ്റ്റ് 16, ഒക്ടോബർ നാല്, ഒക്ടോബർ 25, 2026 ജനുവരി മൂന്ന്, ജനുവരി 31 എന്നീ ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!