രാജ്യം മരിച്ചവരുടെ കുടുംബത്തിനൊപ്പം: ഡിഎൻഎ പരിശോധനയ്ക്കുശേഷം മരണസംഖ്യ പുറത്തുവിടും; അമിത് ഷാ

അഹമ്മദാബാദ്: വ്യോമദുരന്തം വാക്കുകൾക്കതീതമായ വേദനയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യമാകെ ദുഃഖത്തിലാണെന്നും ഏകോപനപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു യാത്രക്കാരൻ രക്ഷപ്പെട്ടുവെന്ന കാര്യം അമിത് ഷാ ഔദ്യോഗികമായി സ്ഥീരീകരിച്ചിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയതായും ഡിഎൻഎ പരിശോധനയ്ക്കായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിന് പുറത്തേക്ക് ഡിഎൻഎ പരിശോധനയ്ക്ക് അയയ്ക്കേണ്ട സാഹചര്യമില്ല. താത്കാലികമായ സംവിധാനങ്ങൾ സജ്ജീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഒന്നാകെ മരണപ്പെട്ട ആളുകളുടെ പ്രിയപ്പെട്ടവരോടൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപകടം നടന്ന് പത്ത് മിനിറ്റിനുള്ളിൽതന്നെ കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, സിവിൽ ഏവിയേഷൻ മന്ത്രി എന്നിവരുമായി ബന്ധപ്പെട്ടു. പ്രധാനമന്ത്രിയേയും ഉടൻതന്നെ വിളിച്ച് സംസാരിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി രക്ഷാപ്രവർത്തനം ഏകോപിപ്പിപ്പിക്കുന്നുണ്ട്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരാൾ രക്ഷപ്പെട്ടുവെന്ന സന്തോഷവാർത്തയുണ്ട്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മരണസംഖ്യ പ്രഖ്യാപിക്കും. രക്ഷപ്പെട്ടയാളെ സന്ദർശിച്ചിരുന്നു, അമിത് ഷാ പറഞ്ഞു.
വിമാനത്തിൽ 1,25,000 ലിറ്റർ ഇന്ധനം ഉണ്ടായിരുന്നു. ഉയർന്ന താപനില കാരണം ആരേയും രക്ഷിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ മൃതദേഹങ്ങൾ ഏതാണ്ട് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധന ശേഖരിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.