ഷൂസ് ധരിച്ചു സ്‌കൂളിലെത്തിയെന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്റെ മർദനം

കാഞ്ഞങ്ങാട്: ഷൂസ് ധരിച്ചു സ്‌കൂളിലെത്തിയെന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർഥിയെ സീനിയേഴ്സ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ചിത്താരി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആക്രമണം. വിവരം പുറത്തുപറഞ്ഞാൽ മർദനം തുടരുമെന്ന് ഭീഷണി ഉണ്ടായിരുന്നതിനാൽ പള്ളിക്കര സ്വദേശിയായ വിദ്യാർഥി സംഭവം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. എന്നാൽ മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ കുടുംബം ഇന്നലെ പരാതിയുമായി രംഗത്തെത്തി. ഒരു കൂട്ടം സീനിയർ വിദ്യാർഥികൾ മുഖത്തടിക്കുകയും മുടിയിൽ പിടിച്ച് മർദിക്കുകയും അശ്ലീലവാക്കുകൾ പ്രയോഗിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ക്ഷമ പറയുന്ന വിദ്യാർഥിയെ സംഘം തുടർന്നും മർദിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ ഇരുകൂട്ടരെയും ഹൊസ്ദുർഗ് സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.
സംഘർഷം പെരുകുന്നു
ഈ അധ്യയന വർഷം തുടങ്ങിയതുമുതൽ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിലുള്ള സംഘർഷ സംഭവങ്ങൾ ജില്ലയിൽ വർധിക്കുകയാണ്. ഇതുവരെ 5 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.ചോദ്യം ചെയ്യലും ചെറിയതോതിലുള്ള കയ്യേറ്റവും എന്നതിൽ നിന്ന് ഗുരുതരമായ ആക്രമണങ്ങളിലേക്ക് കുട്ടികൾ മാറുന്നതിനെ ജില്ലാ പൊലീസും ഗൗരവമായി വീക്ഷിക്കുന്നുണ്ട്.റാഗിങ് പരിധിയിൽ നിന്ന് കേസുമാറി ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള വകുപ്പുകൾ പോലും ചേർക്കാവുന്ന തലത്തിലാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് പൊലീസും അധ്യാപകരും പറയുന്നു.തുടർ മർദനങ്ങളെ ഭയക്കുന്നതിനാൽ ഇരയായ കുട്ടികളും ആക്രമണം തുറന്നുപറയാൻ മടിക്കുകയാണ്.
“റാഗിങ്ങിനെതിരെയുള്ള ബോധവൽക്കരണവും സെല്ലുകളുടെ പ്രവർത്തനവും സ്കൂളുകളിൽ ശക്തമാക്കണം. പലപ്പോഴും വിദ്യാർഥി പ്രതിനിധികൾക്ക് മാത്രമാണ് ബോധവൽക്കരണം ലഭിക്കുന്നത്. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് റാഗിങ്. മർദനം ഉണ്ടായാൽ വകുപ്പുകൾ വീണ്ടും മാറും. സ്കൂളുകളിൽ നിന്ന് പലപ്പോഴും റാഗിങ് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ജനമൈത്രി പൊലീസ് പ്രവർത്തനങ്ങൾ ശക്തമാക്കും.”
പി.ബിജോയ് (ജില്ലാ പൊലീസ് മേധാവി

