കുമ്പള ടൗണില്‍ യുവാവിനെ പട്ടാപകല്‍ കാറില്‍ തട്ടികൊണ്ടു പോയി 18 ലക്ഷം രൂപ തട്ടിയ കേസ്; മുഖ്യപ്രതി അറസ്റ്റില്‍

കാസർകോട്: കുമ്പള ടൗണിൽ വച്ച് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി 18 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തുവെന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ധർമ്മത്തടുത്ത, ചള്ളങ്കയത്തെ യൂസഫ് ഇർഷാദി (24)നെയാണ് കുമ്പള എസ് ഐ പ്രദീപ് കുമാറും സംഘവും അറസ്റ്റു ചെയ്‌തത്. വെള്ളിയാഴ്‌ച രാത്രി ഇച്ചിലങ്കോട്ട് വച്ചാണ് ഇയാൾ അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. യൂസഫ് ഇർഷാദ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സമാനരീതിയിൽ 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റു ചെയ്‌ത പൊലീസ് സംഘത്തിൽ പ്രശാന്ത്, മനു, സജീഷ്, സുബീഷ്, ഷീജ, മഹേഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു. മെയ് 6ന് ഉച്ചയ്ക്ക് 2.30ന് കുമ്പള ടൗണിലാണ് കേസിനാസ്‌പദമായ സംഭവം.
മുളിയടുക്ക സ്വദേശി അബ്ദുൽ റഷീദ് (33) ആണ് തട്ടികൊണ്ടുപോകലിനു ഇരയായത്. കുമ്പള ടൗണിൽ നിൽക്കുകയായിരുന്ന അബ്ദുൽ റഷീദിനെ ഫോർച്യൂണർ കാറിൽ ബലമായി കയറ്റിക്കൊണ്ടുപോയി. കുമ്പള ഹോളിഫാമിലി സ്കൂളിനു സമീപത്ത് എത്തിയപ്പോൾ കാർ നിർത്തുകയും മറ്റു രണ്ടുപേരെ കൂടി കാറിൽ കയറ്റുകയും ചെയ്‌തു. ഓടികൊണ്ടിരുന്ന കാറിൽ വച്ച് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയും കൈകൊണ്ട് അടിച്ചും പരാതിക്കാരൻ്റെ സ്ഥാപനത്തിൻറെ അക്കൗണ്ടിൽ നിന്നു 18,46,127 രൂപ തട്ടിയെടുത്ത ശേഷം വൈകുന്നേരം നാലരയോടെ അബ്ദുൽ റഷീദിനെ പെർമുദെ ഓട്ടോ സ്റ്റാന്റിൽ ഇറക്കിവിട്ട് കടന്നു കളഞ്ഞുവെന്നാണ് കേസ്. മറ്റു നാലു പ്രതികളെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു.