അഹമ്മദാബാദ് വിമാന ദുരന്തം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്, ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്തു വെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം അപകടത്തിൽപെട്ടതിന്റെ പ്രധാന കാരണം വൈദ്യുതി സംവിധാനം നിലച്ചതാണെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ. ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നു. ടേക്ക് ഓഫ് ചെയ്ത് സെക്കൻഡുകൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അകടത്തിന് കാരണമായത്. ഇതിന് ഇടയാക്കിയത് എൻജിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ആയിരുന്നതിനാലാണെന്നും റിപ്പോർട്ടിൽ പറയന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേൾക്കാം. താനല്ല ചെയ്തത് എന്നാണ് രണ്ടാമന്റെ മറുപടി. സഹപൈലറ്റ് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയത്. പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാൾ ഇത് നിരീക്ഷിക്കുകയായിരുന്നു. സബർവാൾ ബോയിംഗ് 787 വിമാനം 8600 മണിക്കൂർ പറത്തിയ പൈലറ്റാണ്. കുന്ദർ 1,100 മണിക്കൂർ വിമാനം പറത്തിയ പരിചയമുള്ളയാളുമായിരുന്നു. സർവീസ് തുടങ്ങും മുൻപ് ഇരുവർക്കും മതിയായ വിശ്രമം ലഭിച്ചിരുന്നു. വിമാനം 32 സെക്കൻഡ് മാത്രമാണ് ആകാശത്ത് പറന്നതെന്നും. പരിശോധനയിൽ വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ലെന്നും കണ്ടെത്തി. കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ദുരന്തത്തിൽ വിശദമായ അന്വേഷണം ആവശ്യമെന്ന് റിപ്പോർട്ട് പറയുന്നു. അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ഒരുമാസമാകുന്ന ദിവസമാണ് ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞദിവസമാണ് റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം സമർപ്പിച്ചത്.അപകട സമയത്ത് വിമാനത്തിൽ 230 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരിൽ 15 പേർ ബിസിനസ് ക്ലാസിലും 215 പേർ ഇക്കോണമി ക്ലാസിലുമായിരുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് അപകടത്തിൽപെട്ടത്.