സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച വീടുകളുടെ വില്‍പന; പൊതുമാനദണ്ഡം രൂപവത്കരിച്ച് സര്‍ക്കാര്‍

കൊച്ചി: ഭവനനിർമാണ ബോർഡടക്കം വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെ നിർമിച്ച വീടുകളുടെ വില്‍പനക്ക് പൊതുമാനദണ്ഡം രൂപവത്കരിച്ച് സർക്കാർ തീരുമാനം.
അടിയന്തര സാഹചര്യത്തില്‍ വീടുകള്‍ വില്‍ക്കാനുള്ള അപേക്ഷ പരിഗണിക്കാൻ ജില്ലതലത്തില്‍ കലക്ടർമാരുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിച്ചു.
വിവിധ സർക്കാർ ഏജൻസികളുടെയും പദ്ധതികളുടെയും ധനസഹായത്തോടെ നിർമിച്ച വീടുകള്‍ ഒഴിച്ചുകൂടാൻ വയ്യാത്ത സാഹചര്യത്തില്‍ വില്‍ക്കേണ്ടിവരുമ്ബോള്‍ ഗുണഭോക്താക്കള്‍ക്കുണ്ടാകുന്ന സാങ്കേതിക പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണ് സമിതിയുടെ രൂപവത്കരണം. നേരത്തേ ഇ.എം.എസ് പദ്ധതി പ്രകാരം ഭവന നിർമാണം നടത്തിയ ഗുണഭോക്താക്കള്‍ക്ക് അടിയന്തരഘട്ടത്തില്‍ വീട് വില്‍ക്കേണ്ടിവരുമ്ബോള്‍ കാലതാമസം ഒഴിവാക്കി അനുമതി നല്‍കുന്നതിന് 2017ല്‍ സർക്കാർ പൊതുനിർദേശം പുറത്തിറക്കിയിരുന്നു. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ഭവനപദ്ധതികള്‍ക്കും ബാധകമാക്കി 2019 ജനുവരിയില്‍ ഉത്തരവ് പരിഷ്കരിച്ചു. എന്നാല്‍, ഭവനനിർമാണ ബോർഡ്, പട്ടികജാതി-വർഗ വികസന വകുപ്പ്, ന്യൂനപക്ഷ വകുപ്പ്, കുടുംബശ്രീയടക്കം വിവിധ പേരുകളില്‍ നിർധനർക്ക് ഭവനനിർമാണ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സർക്കാറിനുകീഴില്‍ നിർധനർക്കായി ഭവനനിർമാണ ധനസഹായം നല്‍കുന്ന ഇത്തരം ഏജൻസികള്‍ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഈ നിർദേശങ്ങള്‍ പാലിക്കാൻ വിസമ്മതിക്കുന്നതായ പരാതി ഗുണഭോക്താക്കളില്‍നിന്ന് ഉയർന്നിരുന്നു. ഇതോടെയാണ് പൊതുനിർദേശം പുറത്തിറക്കാൻ തീരുമാനിച്ചത്.
ലൈഫ് ഭവന പദ്ധതി പുതിയ നിർദേശത്തിന്‍റെ പരിധിയില്‍ വരുത്തിയിട്ടുണ്ട്. ലൈഫ് അടക്കമുള്ള വിവിധ ഭവന നിർമാണ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അടിയന്തര ഘട്ടത്തില്‍ വീട് വില്‍ക്കാൻ അനുമതി തേടിയുള്ള അപേക്ഷകള്‍ ജില്ല കലക്ടറുള്‍പ്പെട്ട സമിതി പരിശോധിക്കണമെന്നാണ് സർക്കാർ നിർദേശം. കലക്ടർ ചെയർമാനായ സമിതിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ കണ്‍വീനറുമായിരിക്കും. കൂടാതെ വിവിധ നിർവഹണ ഏജൻസികളുടെ പ്രതിനിധികള്‍, ജില്ല പട്ടികജാതി വികസന ഓഫിസർ, പട്ടികവർഗ വികസന ഓഫിസർ, ഫിഷറീസ് വകുപ്പില്‍നിന്നുള്ള പ്രതിനിധി, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങള്‍.
ജില്ല മെഡിക്കല്‍ ഓഫിസർ, അഗ്രികള്‍ചർ ഓഫിസർ തുടങ്ങിയവരെ ആവശ്യമെങ്കില്‍ സമിതിയില്‍ ക്ഷണിതാക്കളാക്കാമെന്നും പുതിയ നിർദേശത്തിലുണ്ട്. അപേക്ഷകന്‍റെ പേരിലുള്ള കരാർ റദ്ദ് ചെയ്ത് നല്‍കാനുള്ള അധികാരം ഈ സമിതിയില്‍ നിക്ഷിപ്തമായിരിക്കും.

