തൃശ്ശൂരിൽ പോർവിളിയും സംഘർഷവും: സി.പി.എം നടത്തിയ മാർച്ചിന് പകരം ബി.ജെ.പിയുടെ പ്രതിഷേധ മാർച്ച്; കല്ലേറിൽ പരിക്ക്

“തൃശ്ശൂര്‍: മണ്ഡലത്തിലെ വോട്ടര്‍പ്പട്ടിക വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റിലുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ പ്രകടനം. രാത്രി എട്ടുമണിയോടെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും കല്ലേറുമുണ്ടായി. ഇതോടെ പോലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു.
ബിജെപി ഓഫീസില്‍നിന്ന് ആദ്യം പഴയനടക്കാവിലേക്കും അവിടെനിന്ന് തൃശ്ശൂര്‍ സ്വരാജ് റൗണ്ട് ചുറ്റി കോര്‍പ്പറേഷനു മുന്നില്‍ പ്രതിഷേധം അവസാനിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇതുപ്രകാരമാണ് പോലീസ് വിന്യാസമുണ്ടായിരുന്നത്. പക്ഷേ, അപ്രതീക്ഷിതമായി ബിജെപി പ്രവര്‍ത്തകര്‍ പഴയനടക്കാവില്‍നിന്ന് സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചായി എത്തുകയായിരുന്നു. ഇതോടെ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ഓഫീസിനകത്തെത്തി.
മാര്‍ച്ച് തടഞ്ഞതോടെ പോലീസുമായി ബിജെപി പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് കല്ലേറിലേക്കും ലാത്തിച്ചാര്‍ജിലേക്കും പ്രതിഷേധം വഴിവെച്ചു. കല്ലേറില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടു വിഭാഗത്തെയും പരസ്പരം മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഇതോടെ എംജി റോഡിനടുത്ത് ബിജെപിയും പാര്‍ട്ടി ഓഫീസിന് സമീപം സിപിഎമ്മും തടിച്ചുകൂടി പരസ്പരം മുദ്രാവാക്യം നടത്തുകയാണ്.
വോട്ടര്‍പ്പട്ടിക ക്രമക്കേടിലും കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലും വൈകീട്ട് അഞ്ചിന് സിപിഎം സുരേഷ് ഗോപിയുടെ ചേരൂരിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സുരേഷ് ഗോപി രാജിവെയ്ക്കണമെന്ന ആവശ്യമുയര്‍ത്തി. ഇതിനു പിന്നാലെയാണ് സിപിഎമ്മിന്റെ പ്രതിഷേധ മാര്‍ച്ച്.