മൃതദേഹം കയറ്റിയ ആംബുലന്‍സ് ജനറല്‍ ആശുപത്രി പരിസരത്ത് തലകീഴായി മറിഞ്ഞു

കാസര്‍കോട്: മരണപ്പെട്ട വീട്ടമ്മയുടെ മൃതദേഹം കയറ്റിയ ആംബുലന്‍സ് കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപം തലകീഴായി മറിഞ്ഞു. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. പൊയിനാച്ചി ചെറുകരയിലെ പരേതനായ അബ്ദുല്‍ഖാദറിന്റെ ഭാര്യ അസ്മാബി(75)യുടെ മൃതദേഹം കയറ്റിയ ആംബുലന്‍സാണ് മുന്നോട്ട് നീങ്ങി ആസ്പത്രി സൂപ്രണ്ട് ഓഫീസിന് സമീപത്തെ ഇറക്കത്തില്‍ മറിഞ്ഞത്. വീട്ടില്‍വെച്ച് തലകറങ്ങി വീണതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അസ്മാബിയെ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും പരിയാരത്തേക്ക് കൊണ്ടുപോവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പരിയാരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കാഞ്ഞങ്ങാടിന് സമീപം വെച്ച് മരിച്ചത്. ഇതേ തുടര്‍ന്ന് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചു. തുടര്‍ന്ന് നടപടികള്‍ക്ക് ശേഷം ആംബുലന്‍സിലേക്ക് കയറ്റിയതായിരുന്നു. അതിനിടെയാണ് ആംബുലന്‍സ് മുന്നോട്ട് നീങ്ങി മറിഞ്ഞത്. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ആംബുലന്‍സ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
മക്കള്‍: ഹനീഫ്, അബ്ദുല്‍സലാം, സാദിഖ്, ഫൗസിയ. മരുമക്കള്‍: ആയിഷ, റംല, ഹാജറ, പരേതനായ കുഞ്ഞഹമ്മദ്. സഹോദരങ്ങള്‍: ജമീല, സുബൈര്‍.

