ജില്ലയിലേക്ക് ഡോക്ടർമാരെ കിട്ടാനില്ല; 45 ഡോക്ടർമാരുടെ ഒഴിവിലേക്ക് ഇന്റർവ്യൂവിന് എത്തിയത് 6 പേർ; നിയമിച്ചത് 2 പേരെ

കാഞ്ഞങ്ങാട്: ജില്ലയിലേക്ക് ഡോക്ടർമാരെ കിട്ടാനില്ല! ദിവസവേതനത്തിൽ ഡോക്ടർമാരെ നിയമിക്കാനായി കഴിഞ്ഞ 4ന് ജില്ലാ മെഡിക്കൽ ഓഫിസിൽ നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുക്കാനെത്തിയത് 6 പേർ മാത്രം. ഇതിൽ നിയമനം നടത്തിയത് 2 പേരെ മാത്രം. 45 ഡോക്ടർമാരുടെ ഒഴിവിലേക്ക് ആയി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ആണ് 6 പേർ മാത്രം എത്തിയത്. എംബിബിഎസ് ആയിരുന്ന കുറഞ്ഞ യോഗ്യതയായി നിശ്ചയിച്ചത്.
60 വയസ്സിൽ താഴെ ആകണം എന്നതും നിബന്ധനയായി ഉണ്ടായിരുന്നു. ഇതിനാൽ 60 വയസ്സിന് മുകളിലുള്ള ഡോക്ടർമാരെ നിയമിക്കാൻ കഴിഞ്ഞില്ല. കർണാടക മെഡിക്കൽ കൗൺസിൽ സർട്ടിഫിക്കറ്റ് ഉള്ളവരെയും നിയമിക്കാൻ കഴിയില്ല. വന്നവരിൽ ചിലർക്ക് ആവശ്യമായ സ്ഥലങ്ങളിൽ ജോലി ചെയ്യാനും താൽപര്യമില്ല. ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ എങ്ങനെ ഡോക്ടർമാരെ നിയമിക്കുമെന്ന ആശങ്കയിലാണ് ജില്ലയിലെ ആരോഗ്യ വകുപ്പ് അധികൃതർ.
നിലവിൽ 50ലധികം ഡോക്ടർമാരുടെ ഒഴിവാണ് ജില്ലയിൽ ഉള്ളത്. ഇതിൽ അസിസ്റ്റന്റ് സർജൻമാരുടെ 40 ഒഴിവ് ആണുള്ളത്. സ്പെഷ്യൽറ്റി ഡോക്ടർമാരുടെ കുറവും ആരോഗ്യ മേഖലയെ വലയ്ക്കുന്നു. ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്ന ഡോക്ടർക്ക് മാസം 52,000 രൂപയോളം ലഭിക്കും. എൻഎച്ച്എം വഴിയുള്ള നിയമനം ആണെങ്കിൽ 43,000 രൂപ വരെ ലഭിക്കും. ഇതര ജില്ലകളിൽ നിന്നു ജില്ലയിലേക്ക് വരുന്ന ഡോക്ടർമാരുടെ എണ്ണം വളരെ കുറവാണ്.
ജില്ലക്കാർക്ക് മറ്റു രാജ്യങ്ങളോ ജില്ലകളോ ആണ് താൽപര്യം. താമസ സൗകര്യം ലഭിക്കാത്തത് ആണ് പുറത്തു നിന്നു വരുന്ന ഡോക്ടർമാരെ അകറ്റുന്ന പ്രധാന പ്രശ്നമെന്ന് ആരോഗ്യ മേഖലയിൽ ഉള്ളവർ പറയുന്നു. ഉൾഗ്രാമങ്ങളിൽ ജോലി ചെയ്യാനുള്ള താൽപര്യക്കുറവും മറ്റൊരു കാരണമാണ്.
കാസർകോടിന്റെ ഉൾഭാഗങ്ങളിലേക്കുള്ള യാത്രാസൗകര്യക്കുറവും ജില്ലയിലേക്ക് ഡോക്ടർമാരെ കിട്ടാൻ തടസ്സമാകുന്നു. മുൻപ് ജില്ലയിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാർക്ക് പ്രത്യേക അലവൻസ് നൽകിയിരുന്നു. അന്ന് ഡോക്ടർമാരെ കിട്ടാൻ ക്ഷാമവും ഉണ്ടായിരുന്നില്ല. പിന്നീട് ഇത് നിർത്തലാക്കി. ആവശ്യത്തിന് ഡോക്ടർമാരെ കിട്ടിയില്ലെങ്കിൽ ജില്ലയിലെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലാകും.