ദുബായിൽ പ്രണയത്തിലായ യുവതിയെ വിവാഹം കഴിക്കാൻ നാട്ടിലെത്തി ഭാര്യയ്ക്ക് ക്രൂരപീഡനം; പ്രവാസിയായ വിമുക്തഭടനെതിരെ പരാതി

ദുബായ്∙ യുഎഇയിൽ പ്രവാസിയായ വിമുക്തഭടനെതിരെ നാട്ടിലുള്ള ഭാര്യയുടെ പീഡന പരാതി. തന്നെ ഉപേക്ഷിച്ച ഭർത്താവ് പല പ്രാവശ്യം നാട്ടിൽ എത്തി ശാരീരികമായും മാനസികമായും അതിക്രൂരമായി പീഡിപ്പിച്ചെന്ന് പാലക്കാട് വടക്കാഞ്ചേരി സ്വദേശി മിനി തോമസാണ് വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയത്. മണ്ണാർക്കാട് സ്വദേശിയായ ഭർത്താവിനെതിരെ യുഎഇയിലെ പ്രമുഖ അഭിഭാഷക അഡ്വ.പ്രീത ശ്രീറാം മാധവ് മുഖേന ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും പൊലീസിലും പരാതി നൽകാനൊരുങ്ങുകയാണ് ഇവർ.

ഇന്ത്യൻ സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്ന 25 വർഷം മുൻപാണ് മിനി ടി.തോമസ് വിവാഹം കഴിച്ചത്. ഇൗ ദാമ്പത്യത്തിൽ 2 മക്കളും ജനിച്ചു. സർവീസിൽ നിന്ന് വിരമിച്ച ശേഷം 2013ൽ ഭർത്താവ് യുഎഇയിലെത്തി.

ആദ്യം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തെങ്കിലും പിന്നീട് സ്വന്തമായി കൺസൾട്ടിങ് കമ്പനി ആരംഭിച്ചു. ഇതിനിടെ ദുബായിൽ മറ്റൊരു യുവതിയുമായി അടുപ്പത്തിലായതോടെയാണ് ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങുന്നത്. യുവതിയുടെ ഭർത്താവ് മരിച്ചതിനെ തുടർന്ന് അവരുമായുള്ള ബന്ധം ദൃഢമാവുകയും യുവതിയെ വിവാഹം കഴിക്കാനായി തന്നോട് സത്യവാങ് മൂലം എഴുതിത്തരണമെന്ന് നിർബന്ധിക്കുകയും ചെയ്തുവെന്ന് മിനി പറയുന്നു. മിനി ഭർത്താവിനെ പലതവണ അവിശ്വസിക്കുകയും അയാളെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും കുടുംബ അന്തരീക്ഷം മോശമാക്കിയെന്നുമൊക്കെയായിരുന്നു സത്യവാങ് മൂലത്തിൽ പറയാൻ നിർബന്ധിച്ചത്. ഇതനുസരിക്കാത്തതിനെ തുടർന്ന് ഭർത്താവ് നാട്ടിലെത്തി മിനിയെ ക്രൂരമായി മർദിച്ചു.

മുഖത്തും കഴുത്തിലും കൈകാലുകൾക്കും പരുക്കേറ്റതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. സമൂഹം അറിഞ്ഞാൽ മക്കളുടെ ഭാവി തകരുമല്ലോ എന്ന് കരുതി എല്ലാം സഹിക്കുകയായിരുന്നുവെന്ന് മിനി പറയുന്നു. അന്ന് തിരിച്ചുപോയ ഭർത്താവ് കഴിഞ്ഞ ഒാഗസ്റ്റിൽ വീണ്ടും തിരിച്ചെത്തി മിനിയെ മർദിക്കുകയും വയറ്റിൽ തൊഴിച്ചതിനാൽ സാരമായ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്തു, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാൽ വാറന്റ് കൈപ്പറ്റാതെ ബാങ്ക്, റേഷൻ കാർഡുകളടക്കം വിലപിടിപ്പുള്ള രേഖകളും മറ്റു സാധനങ്ങളുമായി ഭർത്താവ് ദുബായിലേയ്ക്ക് കടന്നുകളയുകയായിരുന്നു. ഇപ്പോൾ ഭർത്താവിന്റെ സഹോദരന് ബന്ധുക്കളുടെ വീടുകളിൽ കയറിയിറങ്ങി തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്നും മിനി പരാതിപ്പെട്ടു.

പരുക്കേറ്റ മിനി തോമസ്
വർഷങ്ങളായി ഭർത്താവ് ചെലവിന് നൽകുന്നില്ല. ഇപ്പോൾ 600 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്താണ് കുടുംബത്തെ പോറ്റുന്നത്. നിത്യജീവിതം വളരെ കഷ്ടപ്പാടിലാണ്. ഭർത്താവിനെ ദുബായിൽ നിന്ന് പിടികൂടി നാട്ടിലേയ്ക്ക് മടക്കി അയക്കുകയും തനിക്കെതിരെയുണ്ടായ അക്രമത്തിൽ അറസ്റ്റ് ചെയ്ത് തക്കതായ ശിക്ഷ നൽകുകയും വേണം. കൂടാതെ, ആക്രമണത്തിലുണ്ടായ പരുക്കുകൾക്ക് ചികിത്സാ ചെലവും നൽകണമെന്നും മിനി ആവശ്യപ്പെടുന്നു. ഇവരുടെ ഭർത്താവ് ഷാർജ കോർണിഷിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

∙ പ്രവാസി ഭാര്യമാർക്കെതിരെ ഗാർഹിക പീഡനം; കേസുകൾ വർധിച്ചു
ഇന്ത്യയിൽ ഗാർഹിക പീഡന കേസുകൾ വര്‍ധിച്ചതായി യുഎഇയിലെ പ്രമുഖ അഭിഭാഷക പ്രീത ശ്രീറാം മാധവ് മനോരമ ഒാൺലൈനിനോട് പറഞ്ഞു. മിനി തോമസിന്റേതുപോലത്തെ ഒട്ടേറെ കേസുകൾ അടുത്ത കാലത്തായി തന്നെ തേടിയെത്തുന്നുണ്ട്. പ്രവാസ ലോകത്ത് മികച്ച നിലയിലെത്തിക്കഴിഞ്ഞാൽ നാട്ടിലെ കുടുംബത്തെ മറക്കുന്നവരാണ് ഏറെയും. ഇവർ അവധിക്കാലത്ത് ചെന്നാൽ ക്രൂരമായ മർദനം പോലും നടത്തുന്നു. നിരാലംബരായ സ്ത്രീകൾ എന്തു ചെയ്യണമെന്നറിയാതെ വളരെ ദുരിതത്തിലാണ് കഴിയുന്നത്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ യുഎഇയുടെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും നിയമം ഒരിക്കലും വച്ചുപൊറുപ്പിക്കുന്നില്ല. ഭാര്യമാരെ ഉപേക്ഷിച്ച്, ചെലവിന് പോലും നൽകാത്തവർക്കെതിരെ ഇവിടെയും കേസെടുത്ത് ശിക്ഷ വാങ്ങിക്കൊടുക്കാവുന്നതാണ്. ഗാർഹിക പീഡനത്തേത്തുടർന്ന് യുഎഇയിലെത്തി ഭയംകൂടാതെ ജീവിക്കുന്ന ഭർത്താക്കന്മാർക്കെതിരെ ഇവിടെ വന്ന് നിയമം പോരാട്ടം നടത്തി, ഒട്ടേറെ പേർക്ക് ശിക്ഷ വാങ്ങിക്കൊടുത്തിട്ടുണ്ട്. നാട്ടിലെ നിയമത്തിൽ നിന്ന് രക്ഷപ്പെടാനാണ് പലരും കുറ്റകൃത്യത്തിന് ശേഷം യുഎഇയിലെത്തുന്നത്. എന്നാൽ ഇവിടുത്തെ നിയമം ഒരിക്കലും ഇത്തരക്കാരെ സംരക്ഷിക്കുന്നില്ല. തന്റേടവും ധൈര്യവുമുണ്ടെങ്കിൽ ആർക്കും ഇവിടെ വന്ന് കുറ്റക്കാരെ പിടികൂടി ശിക്ഷ വാങ്ങിക്കൊടുക്കാൻ പറ്റും. ഇതിന് ഇന്ത്യൻ എംബസിയും കോൺസുലേറ്റും പിന്തുണ നൽകുന്നു. എന്നാൽ നിയമ പോരാട്ടത്തിന് ചെലവേറെയാണ് എന്നതാണ് പലരേയും പിന്നോട്ടു നയിക്കുന്നത്. ഇത്തരം ക്രൂരന്മാരെ പൂട്ടാനുള്ള സഹായവും പിന്തുണയും നൽകാൻ ഇവിടെയുള്ള സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവരണമെന്നും അഡ്വ.പ്രീത പറഞ്ഞു. ഫോൺ:+971 52 731 8377.

