KSDLIVENEWS

Real news for everyone

ഓണാഘോഷത്തിനിടെ കോളേജ് അധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു

SHARE THIS ON

കൊച്ചി: കോളേജിലെ ഓണാഘോഷത്തിനിടെ അധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു. വടംവലി മത്സരം കഴിഞ്ഞയുടൻ തലകറങ്ങി വീഴുകയായിരുന്നു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജെയിംസ് വി. ജോർജ് (38) ആണ് ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ മരിച്ചത്. വടംവലി മത്സരത്തിനു ശേഷം ജെയിംസ് ആദ്യം തലകറങ്ങി വീണിരുന്നു.

കോളേജിൽ തന്നെയുള്ള ക്ലിനിക്കിൽ പരിശോധിച്ചപ്പോൾ പ്രശ്നമില്ലെന്നു കണ്ടതിനെ തുടർന്ന് വിശ്രമിക്കുന്നതിനിടെയായിരുന്നു വീണ്ടും തലകറങ്ങി വീണത്. ആശുപത്രിയിൽ എത്തിച്ച് ഒന്നര മണിക്കൂറോളം ഡോക്ടർമാർ പരിശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊടുപുഴ കല്ലാർകാട് നാഗപ്പുഴ സ്വദേശിയാണ്.

തേവര സേക്രഡ് ഹാർട്ട് കോളേജിൽ അധ്യാപകരുടെ ഓണാഘോഷ പരിപാടികൾ ബുധനാഴ്ച നടക്കുന്നതിനിടെയായിരുന്നു സംഭവം. ആഘോഷ പരിപാടികളുടെ ഏകോപനത്തിന്റെ ചുമതലയുള്ള സ്റ്റാഫ് സെക്രട്ടറി കൂടിയായിരുന്നു ജെയിംസ്. ഉച്ചയ്ക്ക് അധ്യാപകർക്കുള്ള സദ്യയുടെയെല്ലാം ഏകോപനം ജെയിംസിനായിരുന്നു. ഇതിനുശേഷമായിരുന്നു വടംവലി മത്സരം നടന്നത്. മത്സരശേഷം ജെയിംസ് തലകറങ്ങി വീണപ്പോൾ ഒപ്പമുള്ള അധ്യാപകർ വെള്ളം കുടിക്കാൻ നൽകി. കോളേജിൽ തന്നെ സ്വകാര്യ ആശുപത്രിയുടെ ക്ലിനിക്കിൽ പരിശോധിച്ചതിൽ രക്തസമ്മർദവും നാഡിമിടിപ്പും പ്രശ്നമില്ലെന്നു കണ്ടു. ജ്യൂസും ചോക്ലേറ്റും കഴിച്ച് വിശ്രമിക്കവേ 15 മിനിറ്റിനു ശേഷം വീണ്ടും തലകറങ്ങി വീണു. ഇതോടെയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് ജെയിംസിനെ എത്തിച്ചത്.

തേവര സേക്രഡ് ഹാർട്ട് കോളേജിലെ കൊമേഴ്സ് വിഭാഗത്തിൽ 2014-ലാണ് ജെയിംസ് അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചത്. മഹാത്മാഗാന്ധി സർവകലാശാലയുടെ കൊമേഴ്സ് പി.ജി. ബോർഡ് ഓഫ് സ്റ്റഡീസ് അംഗമാണ്. ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട് പിഎച്ച്.ഡി. ചെയ്തുവരുകയായിരുന്നു ജെയിംസ്. ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൊടുപുഴ ന്യൂമാൻ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സോനയാണ് (തലയനാട് വലിയപറമ്പിൽ കുടുംബാംഗം) ഭാര്യ. മകൻ: രണ്ട് വയസ്സുള്ള വർഗീസ്. നാകപ്പുഴ വെട്ടുപാറയ്ക്കൽ വീട്ടിൽ പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ്. വ്യാഴാഴ്ച രാവിലെ 8.30 മുതൽ 9.30 വരെ തേവര സേക്രഡ് ഹാർട്ട് കോളേജിൽ പൊതുദർശനത്തിനു ശേഷം മൃതദേഹം നാകപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം ശനിയാഴ്ച വൈകീട്ട് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!