കുറ്റിക്കോല്‍, പയന്തങ്ങാനത്ത് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവിന്റെ ആത്മഹത്യ: കാരണം കുടുംബവഴക്ക്

കാസർകോട്: കുറ്റിക്കോൽ, പയന്തങ്ങാനത്ത് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് കെട്ടിത്തൂങ്ങി ജീവനൊടുക്കിയതിനു കാരണം കുടുംബവഴക്ക്. ബേഡകം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. തിരുവോണ ദിവസം ഭർത്താവ് അറിയാതെ ഭാര്യ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നുവെന്നും ഇതേ ചൊല്ലി ഇരുവരും തമ്മിൽ പല തവണ വഴക്ക് ഉണ്ടായതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പൊതുവെ ഒതുങ്ങി കഴിയുന്ന സ്വഭാവത്തിന്റെ്റെ ഉടമയായ സുരേഷിൻ്റെ വിയോഗത്തിൽ കണ്ണീരൊഴുക്കുകയാണ് നാടും കുടുംബവും കുറ്റിക്കോൽ ടൗണിലെ ഓട്ടോഡ്രൈവറും മുൻ പ്രവാസിയുമായ സുരേഷ് (51) വെളളിയാഴ്ച്ച രാവിലെയാണ് വീട്ടിലെ ഏണി പടിയിൽ കെട്ടി തൂങ്ങി മരിച്ചത്. വഴക്കിനിടയിൽ ഭാര്യ സിനി(41)യെ കുത്തി പരിക്കേൽപ്പിച്ച ശേഷമാണ് ആത്മഹത്യ ചെയ്‌തത്. കഴുത്തിനു പരിക്കേറ്റ സിനി ഓടി 100 മീറ്റർ അകലെയുള്ള അയൽവീട്ടിൽ എത്തി വിവരം പറയുകയായിരുന്നു. തുടർന്ന് അയൽവാസികൾ സിനിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. കുറച്ചുപേർ വീട്ടിലെത്തി നോക്കിയപ്പോഴാണ് സുരേഷിനെ ഏണിപ്പടിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.