അൽ ഹയ്യ ദോഹയിൽ ഉണ്ടെന്ന് ഉറപ്പാക്കി: ട്രംപ് അറിയാതിരിക്കാൻ ശ്രദ്ധിച്ചു; പഴുതടച്ച ഇസ്രയേൽ നീക്കം പാളി

ദോഹ: ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹമാസിന്റെ ഉന്നതനേതാക്കള്‍ ദോഹയില്‍ എത്തുമെന്ന കാര്യം ഉറപ്പാക്കിയ ശേഷമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. നീക്കം സംബന്ധിച്ച് അമേരിക്കയ്ക്ക് നേരത്തേ വിവരം ലഭിക്കാതിരിക്കാന്‍ ഇസ്രയേല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഖത്തറിനുമേല്‍ ആക്രമണം നടത്തുന്നതിനായി രണ്ട് മാസത്തിലേറെയായി ഇസ്രയേല്‍ സൈനിക നടപടികള്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും സിഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാസ-ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകളുടെ പ്രധാന കേന്ദ്രമായി ദോഹ മാറിയിരുന്നു. ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥര്‍ പതിവായി സന്ദര്‍ശിക്കുന്ന ഒരിടമായിരുന്നു ദോഹ. അതേസമയം, ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള ഹമാസിന്റെ മുതിര്‍ന്ന നേതാക്കളുടെ താവളവും കൂടിയായിരുന്നു ഇവിടം. ഹമാസിന്റെ മുഖ്യമധ്യസ്ഥനായ അല്‍ ഹയ്യ വര്‍ഷങ്ങളായി ദോഹയിലാണു താമസിക്കുന്നത്.
2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ, ഗാസയിലും വിദേശത്തുമുള്ള ഹമാസ് നേതാക്കളെ ലക്ഷ്യമിടുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. ഇറാനില്‍ ഇസ്മായില്‍ ഹനിയയെയും ലെബനനില്‍ സാലിഹ് അല്‍ അറൂരിയെയും വധിച്ചത് പോലുള്ള ആക്രമണങ്ങളും ഓപ്പറേഷനുകളും ശത്രുരാജ്യങ്ങളില്‍ മാത്രമാണ് ഇസ്രയേല്‍ അതുവരെ നടത്തിയിരുന്നത്.
വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിര്‍ണായക മധ്യസ്ഥ പങ്ക് വഹിക്കുകയും യുഎസിന്റെ വലിയ സൈനിക സാന്നിധ്യമുള്ളതുമായ ഒരു പരമാധികാര രാജ്യത്തിനെതിരായ ആക്രമണമായിരിക്കും ഖത്തറില്‍ നടത്താൻ പോകുന്നതെന്ന് ഇസ്രയേലിന് പൂര്‍ണബോധ്യം ഉണ്ടായിരുന്നു.
ഖത്തറിനുമേല്‍ നടത്താന്‍ പോകുന്ന ആക്രമണത്തിന് തിങ്കളാഴ്ചയാണ് പ്രാഥമിക അനുമതി ലഭിച്ചത്. ഹമാസിനെ നിരീക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തമുള്ള ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന് ബെറ്റിന്, യുഎസ് മുന്നോട്ടുവെച്ച നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥര്‍ ദോഹയില്‍ യോഗം ചേരുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. എന്നാല്‍, കരാര്‍ അംഗീകരിക്കാന്‍ ഖത്തര്‍ പ്രധാനമന്ത്രി ഹമാസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയ അതേ യോഗമായിരുന്നോ ഇതെന്ന് വ്യക്തമല്ല. ഒരു ഇസ്രയേലി ഉദ്യോഗസ്ഥന് സിഎന്‍എന്നിനോടു വെളിപ്പെടുത്തി.
ഇസ്രയേല്‍ സൈന്യത്തിന്റെ പ്രധാന ലക്ഷ്യം അല്‍ ഹയ്യ ആയിരുന്നു. ആളെ തിരിച്ചറിയുന്നത് ഉറപ്പാക്കാന്‍ ഇസ്രയേല്‍ ഓപ്പറേഷന് ഒരു ദിവസത്തേക്ക് വൈകിപ്പിച്ചു. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് അന്തിമാനുമതി ലഭിച്ചത്. വരാനിരിക്കുന്ന ആക്രമണത്തെക്കുറിച്ച് യുഎസ് ഉടന്‍ തന്നെ ഖത്തറിനെ അറിയിക്കുമെന്നതിനാല്‍, ആക്രമണത്തെക്കുറിച്ച് ട്രംപ് ഭരണകൂടത്തോടു പറയാൻ ഇസ്രയേല്‍ അവസാന നിമിഷം വരെ കാത്തിരുന്നു. അതേസമയം, ഈ അറിയിപ്പ് ഇരുരാജ്യങ്ങളും എങ്ങനെയാണ് കൈമാറിയത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നേരിട്ടുള്ള ഫോണ്‍വിളി അസ്വാഭാവികമല്ലാത്ത സാഹചര്യത്തിലും യുഎസിന്റെ ഒരു പ്രധാന സഖ്യകക്ഷിക്കെതിരായ ആക്രമണത്തെക്കുറിച്ചുള്ള നിര്‍ണായക അറിയിപ്പ് വളഞ്ഞ വഴിയിലൂടെയാണ് അവര്‍ കൈമാറിയത് എന്നാണ് വിവരം. യുഎസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാനും ഉന്നത ജനറലുമായ ഡാന്‍ കെയ്നാണ് ഓപ്പറേഷനെക്കുറിച്ച് ട്രംപിനെ അറിയിച്ചത്.യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ ട്രംപ് വിവരമറിയിക്കുകയും അദ്ദേഹം ഖത്തര്‍ അധികൃതരെ അറിയിക്കുകയും ചെയ്തു.
എന്നാല്‍, ഖത്തര്‍ അധികൃതര്‍ക്ക് ഫോണ്‍ കോള്‍ ലഭിക്കുന്നതിന് 10 മിനിറ്റ് മുമ്പ് ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ യുഎസിന് ഒരുതരത്തിലുമുള്ള പങ്കില്ലെന്നു സ്ഥാപിക്കേണ്ടത് ഇസ്രയേലിന്റെ ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ, ആക്രമണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇസ്രയേല്‍ വേഗത്തില്‍ ഏറ്റെടുത്തു. ഇതൊരു ‘പൂര്‍ണ്ണമായും സ്വതന്ത്രമായ ഇസ്രയേലി ഓപ്പറേഷന്’ ആയിരുന്നു എന്നാണ് നെതന്യാഹു പറഞ്ഞത്. യുഎസിന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന എന്നും വിവരമുണ്ട്.
ആക്രമണത്തെ ‘രാഷ്ട്ര ഭീകരത’ എന്നാണ് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി വിശേഷിപ്പിച്ചത്. ഇതുവരെയും സമാധാന ചര്‍ച്ചകളില്‍ സജീവമായിരുന്ന രാജ്യം, ആക്രമണത്തോട് രൂക്ഷമായി പ്രതികരിച്ചു. ഹമാസ് ബന്ദികളാക്കിയവരുടെ എല്ലാ പ്രതീക്ഷകളും നെതന്യാഹു തകര്‍ത്തുവെന്നും സമാധാനത്തിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കിയെന്നും ഷെയ്ഖ് അല്‍ താനി വ്യക്തമാക്കി. ആക്രമണത്തിന്റെ ‘എല്ലാ കാര്യങ്ങളിലും തനിക്ക് വളരെ അതൃപ്തിയുണ്ട്’ എന്നാണ് ട്രംപ് പ്രതികരിച്ചത്.
ഗാസയില്‍ ഹമാസ് നേതാക്കളായ യഹ്യ സിന്‍വാറിനെയും അദ്ദേഹത്തിന്റെ ഇളയ സഹോദരന് മുഹമ്മദ് സിന്‍വാറിനെയും വധിച്ചതിന് ശേഷം ഉന്നയിച്ച അതേ അവകാശവാദമാണ് ഇസ്രയേല്‍ ഇത്തവണയും നടത്തിയത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തുടക്കമായാണ് ഇസ്രായേല്‍ ഈ ആക്രമണത്തെ ചിത്രീകരിച്ചത്. യുദ്ധം തുടങ്ങി രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിന് ഇനി രണ്ടുമാസം മാത്രമാണ് ബാക്കിയുള്ളത് എന്നതാണ് വസ്തുത.
സമാധാന ചര്‍ച്ചകള്‍ക്കും ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇനി വ്യക്തമായ മാര്‍ഗ്ഗവുമില്ലാത്ത സ്ഥിതിയാണ്. ഖത്തറിനെ ആക്രമിച്ചത് എന്തിനാണോ ആ ലക്ഷ്യം ബാക്കിയാണ് എന്നതാണ് ഇസ്രയേല്‍ നിലവില്‍ നേരിടുന്ന പ്രധാന പ്രശ്നം. അല്‍ ഹയ്യയെയും ചര്‍ച്ചാ സംഘത്തെയും വധിക്കുന്നതില്‍ ഇസ്രയേല്‍ പരാജയപ്പെട്ടുവെന്ന് ചൊവ്വാഴ്ച രാത്രിതന്നെ ഹമാസ് വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ അൽ ഹയ്യയുടെ മകനടക്കം അഞ്ച് താഴെത്തട്ടിലുള്ള ഹമാസ് അംഗങ്ങളും ഒരു ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്.