KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂർ ക്രൈൻ അപകടം: ക്രെയ്നിൽ ഘടിപ്പിച്ച ബക്കറ്റിന്റെ രൂപത്തിൽ മരണം: ബെൽറ്റ് ബന്ധിപ്പിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു

SHARE THIS ON

കാസർകോട്: ദേശീയപാത നിർമാണത്തിനിടെ ജില്ലയിൽ ഇതുവരെ പൊലിഞ്ഞത് 7 തൊഴിലാളികളുടെ ജീവൻ. തലപ്പാടി–ചെർക്കള ഒന്നാം റീച്ചിലെ നിർമാണക്കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) തൊഴിലാളികളായ 5 പേരും ചെർക്കള–പള്ളിക്കര–കാലിക്കടവ് റീച്ചിലെ നിർമാണക്കരാറുകാരായ മേഘ എൻജിനീയറിങ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ 2 തെഴിലാളികളുമാണ് മരിച്ചത്. മൊഗ്രാൽ പൂത്തൂർ കടവത്ത് തെരുവുവിളക്കിന്റെ പണിക്കിടെ ക്രെയിനിന്റെ ബക്കറ്റ് പൊട്ടിവീണ് 2 തൊഴിലാളികൾ മരിച്ചതാണ് അവസാനത്തേത്.

പൊട്ടിവീണ ഇരുമ്പ് ബക്കറ്റിന്റെ ക്രെയിനിൽനിന്നു വേർപെട്ട ഭാഗമാണ് ആദ്യചിത്രം. ക്രെയിനുമായി ഇരുമ്പ് ബക്കറ്റ് വെൽഡ് ചെയ്തിരുന്ന ഭാഗമാണ് ചുവന്ന വൃത്തത്തിനുള്ളിൽ.
കഴിഞ്ഞ ജൂലൈ 15ന് മഞ്ചേശ്വരം മാടയിൽ ദേശീയ പാതയിൽ ലോറി ഇടിച്ച് ഊരാളുങ്കലിന്റെ 2 തൊഴിലാളികൾ മരിച്ചിരുന്നു. കമ്പനിയുടെ ക്യാമറ വിഭാഗത്തിലെ സബ് വിഭാഗം തൊഴിലാളിയായ ബിഹാർ സ്വദേശി രാജ് കുമാർ മാത്തുർ (25), രാജസ്ഥാൻ സ്വദേശി ദാ മൂർ അമത് ഗണപതി ഭായ് (23) എന്നിവരാണ് മരിച്ചത്. യുപി സ്വദേശി മഹിന്ദ്ര പ്രതാപ് (23)ന് പരുക്കേറ്റു. ദേശീയപാതയിലെ ക്യാമറ സ്ഥാപിച്ച ഭാഗത്തെ പണികഴിഞ്ഞ് ഇവർ സഞ്ചരിച്ച വാഹനത്തിന്റെ അടുത്തേക്ക് പോകുമ്പോൾ കാസർകോട്ടുനിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിച്ചായിരുന്നു അപകടം.

ഏതാനും മാസം മുൻപ് ആരിക്കാടിയിൽ ദേശീയ പാതയിൽ ലൈറ്റ് സ്ഥാപിക്കുന്നതിനിടെ മറ്റൊരു തൊഴിലാളി ലോറിയിടിച്ച് മരിച്ചിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെർക്കളയിൽ നിർമാണ ജോലിക്കിടെ മേൽപാലത്തിന്റെ മുകളിൽനിന്നു വീണു മേഘ കമ്പനിയുടെ തൊഴിലാളി അസം കോട്ട സ്വദേശി റാഗിബുൾ ഹഖ്(27) മരിച്ചത്.‌ ദേശീയപാത വികസനത്തിനായി കുന്നിടിച്ച ഭാഗത്ത് കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ചെറുവത്തൂർ മട്ടലായിയിൽ മേഘ കമ്പനിയുടെതന്നെ അതിഥിത്തൊഴിലാളി മരിച്ചത് മേയ് 12ന് ആണ്. കൊൽക്കത്ത സ്വദേശി മുൻതാജ് മിർ (18) മരിച്ചതിനു പുറമേ 3 തൊഴിലാളികൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

സുരക്ഷ ഉറപ്പാക്കിയില്ല; നിർമാണ കമ്പനിക്കെതിരെ ആരോപണം
കാസർകോട് ∙ ദേശീയപാതയിലെ വഴിവിളക്ക് സ്ഥാപിക്കൽ ജോലിക്കിടെ ക്രെയിനിൽനിന്നു വീണ് 2 നിർമാണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ നിർമാണക്കമ്പനിയുടേത് ഗുരുതരവീഴ്ചയെന്ന് ആരോപണം. 10 മീറ്ററോളം ഉയരത്തിലുള്ള നിർമാണജോലി നടക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാനുള്ള ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ഉദ്യോഗസ്ഥർ കൃത്യമായി പാലിക്കാതിരുന്നതാണ് അപകടത്തിൽ കലാശിച്ചത്.

സുരക്ഷാ ഉദ്യോഗസ്ഥർ പലപ്പോഴും നിർമാണ സ്ഥലത്ത് ഉണ്ടാകാറില്ലെന്നും ആരോപണമുണ്ട്. തൊഴിലാളികൾ നിൽക്കാൻ ഉപയോഗിച്ച ക്രെയിനിന്റെ പ്ലാറ്റ്ഫോമിന്റെ (ബക്കറ്റ്) സുരക്ഷ പരിശോധിച്ച് ഉറപ്പാക്കേണ്ടിയിരുന്നു. 2 പേരെ താങ്ങി നിർത്താനുള്ള ശേഷിയില്ലാത്ത പ്ലാറ്റ്ഫോം ക്രെയിനിൽ കൊളുത്തി മുകളിലേക്ക് ഉയർത്തിയതുതന്നെ ഗുരുതര വീഴ്ചയാണ്. തൊഴിലാളികളെ ബെൽറ്റ് ഉപയോഗിച്ച് ക്രെയിനുമായി ബന്ധിപ്പിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു. തൊഴിലാളികൾ ഹെൽമറ്റ് ധരിച്ചിരുന്നതായും അപകടദൃശ്യങ്ങളിൽ കാണുന്നില്ല. ഇത്തരം കാര്യങ്ങളിൽ കടുത്ത വീഴ്ചയാണ് നിർമാണക്കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

വലിയ ശബ്ദം; സ്ഥലത്തെത്തിയപ്പോൾ കണ്ടത് വീണുകിടക്കുന്ന തൊഴിലാളികളെ
അപകടം നടന്നതിന്റെ സമീപത്തെ വെൽഡിങ് കടയിൽ ജോലിക്കാരനായ മൊഗ്രാൽപുത്തൂർ ബള്ളൂരിലെ രാധാകൃഷ്ണനായിരുന്നു വെള്ളവുമായി ആദ്യം സ്ഥലത്തെത്തിയത്. ജോലിക്കിടെ വലിയ ശബ്ദം കേട്ടാണ് കടയിൽനിന്നു പുറത്തിറങ്ങിയത്. അപ്പോഴേക്കും ക്രെയിനിന്റെ മുകളിലുണ്ടായിരുന്ന തൊഴിലാളികൾ റോഡിൽ വീണുകിടക്കുകയായിരുന്നു. രാവിലെ മുതൽ ഇവർ ജോലി ചെയ്യുന്നതും കണ്ടിരുന്നു. അപകടശേഷം 2 പേരും നിലത്തുവീണു കിടക്കുന്ന നിലയിലാണ് കണ്ടത്.


ഉടനെ കടയിലുണ്ടായിരുന്ന ബക്കറ്റിൽ വെള്ളവുമായി എത്തി. ഇതിനിടെ ദേശീപാതയിൽനിന്നു ക്രെയിനിന്റെ ഓപ്പറേറ്റർ മതിൽ ചാടി സ്ഥലത്തെത്തി. എന്നാൽ വെള്ളം നൽകാനായില്ല. മനസ്സ് ആകെ മരവിച്ച പോലെയായി. അപകടം വിവരം പറയാൻ പലരെയും വിളിച്ചു. എന്നാൽ ആരും ഫോണെടുത്തില്ല. പിന്നീട് കുറച്ചു സമയത്തിനുശേഷം ആംബുലൻസിൽ ഇരുവരെയും കയറ്റി കുമ്പളയിലെ സഹകരണാശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.– രാധാകൃഷ്ണൻ പറഞ്ഞു.ഇരുവർക്കും തലയ്ക്കാണ് ഗുരുതരമായ പരുക്കേറ്റത്. വീഴ്ചയുടെ ആഘാതത്തിൽ തെറിച്ചുവീണതായും സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!