സംസ്ഥാനത്തു കോവിഡ് മരണം 1000 കവിഞ്ഞു ; അനൗദ്യോഗിക കണക്ക് പ്രകാരം

തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് മരണം 1000 കവിഞ്ഞു. ഇന്നലെ 25 പേരുടെ മരണം കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിക്കപ്പെട്ടതോടെ ഇതുവരെയുള്ള കോവിഡ് മരണം 1003 ആയി. അതേസമയം, അനൗദ്യോഗിക കണക്കുകള്‍ പ്രകാരം മരണം 1690 ആയി. 9347 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 8924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇന്നലെ രോഗബാധിതരുടെ എണ്ണം 1000 നുമുകളിലാണ്. രോഗംബാധിച്ചവരില്‍ 46 പേര് വിദേശ രാജ്യങ്ങളില്‍നിന്നും 155 പേര് മറ്റു സംസ്ഥാനങ്ങളില്നിന്നുംവന്നവരാണ്. 8216 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 821 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകരും പോസിറ്റീവായി. സംസ്ഥാനത്തു 2,84, 924 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ മരണം തിരുവനന്തപുരം ജില്ലയിലാണ്- 308; മൊത്തം മരണങ്ങളുടെ ഏതാണ്ടു മൂന്നിലൊന്ന്. കേരളത്തിലെ മരണനിരക്ക് ദേശീയ ശരാശരിയിലും കുറവാണ്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് എട്ടാമതാണെങ്കില് മരണത്തിന്റെ കണക്കില്‍ 17-ാം സ്ഥാനത്താണ്.

