KSDLIVENEWS

Real news for everyone

കാസർഗോട്ടെ ആദ്യത്തെ ഡോമിസിലറി കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു

SHARE THIS ON

കാസര്‍ഗോഡ് : ജില്ലയിലെ ആദ്യത്തെ ഡോമിസിലറി കെയര്‍ സെന്റര്‍ പെരിയ കേന്ദ്ര സര്‍വ്വകലാശാല ക്യാമ്ബസില്‍ പ്രവര്‍ത്തനമാരംഭിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കൃഷ്ണന്‍, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു ടി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വേലായുധന്‍ ബി വി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര എം, സി എഫ് എല്‍ടിസി നോഡല്‍ ഓഫീസര്‍ ഡോ റിജിത് കൃഷ്ണ, സാമൂഹിക ആരോഗ്യ കേന്ദ്രം പെരിയ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ ധനേഷ് കെ സി, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ജയന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമുള്ള മതിയായ സൗകര്യങ്ങള്‍ വീട്ടില്‍ ഇല്ലാത്തവരുമായ കോവിഡ് രോഗികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനായാണ് ഡോമിസിലറി കെയര്‍ കോവിഡ് സെന്ററുകള്‍ ആരംഭിച്ചിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ടീം എല്ലാ ദിവസവും രോഗികളുടെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ തൊട്ടടുത്തുള്ള സി എഫ് എല്‍ ടി സി കളിലേക്ക് മാറ്റുകയും ചെയ്യും. ഈ കേന്ദ്രത്തിലെ രോഗികള്‍ക്കുള്ള ഭക്ഷണം, ശുചീകരണ തൊഴിലാളികളുടെ നിയമനം എന്നിവ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായതിന്റെ നേതൃത്വത്തില്‍ ആണ് നടക്കുന്നത്.

ഒരു പഞ്ചായത്ത്‌ ജീവനക്കാരന് കെയര്‍ സെന്ററിന്റെ ചുമതല നല്‍കിയിട്ടുണ്ട്. ഡോമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ജില്ലയിലെ സി എഫ് എല്‍ ടി സി കളില്‍ രോഗികളുടെ ബാഹുല്യം കുറക്കാന്‍ സാധിക്കുകയും വീട്ടില്‍ മതിയായ സൗകര്യങ്ങളില്ലാത്ത രോഗികള്‍ക്ക് വലിയ ആശ്വാസമാകുകയും ചെയ്യും. ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ കേന്ദ്രം ആരംഭിച്ചത്.
ഇത്തരത്തിലുള്ള ഡോമിസിലറി കെയര്‍ സെന്ററുകള്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആരംഭിക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. എ വി രാംദാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!