KSDLIVENEWS

Real news for everyone

സ്പോട്ട് ബുക്കിങ്: ശബരിമല സമരകേന്ദ്രമായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

SHARE THIS ON

തിരുവനന്തപുരം: സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്തതുപോലൊരു പ്രതിസന്ധി സ്‌പോട്ട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നൽകിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്ത പ്രതിഷേധം സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തതോടെ പലതവണ സന്നിധാനമുള്‍പ്പെടെ പ്രദേശങ്ങൾ പ്രതിഷേധത്തിന്റെ വേദിയായിരുന്നു.


സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി വെര്‍ച്വല്‍ ക്യൂ മാത്രമാക്കിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ സമാനമായ സമരമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റാനാണ് എന്ന പ്രചാരണം ബിജെപി ഉള്‍പ്പെടെയുള്ളവർ ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. മണ്ഡലകാലം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടാല്‍ പ്രതിപക്ഷവും രാഷ്ട്രീയമായി ഇടപെടും.


പ്രതിസന്ധി ഒഴിവാക്കാന്‍ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് പോലെ സൗകര്യം ഒരുക്കിയില്ലെങ്കില്‍ പ്രതിഷേധത്തിന് കളമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് കിട്ടിയതിന് പിന്നാലെയാണ് സിപിഎമ്മും വിഷയത്തില്‍ കടുംപിടിത്തത്തിനില്ലെന്ന് വ്യക്തമാക്കിയത്. സ്‌പോട് ബുക്കിങ് തീരുമാനം ഇരുമ്പുലക്കയൊന്നുമല്ലല്ലോ എന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വിഷയത്തില്‍ എടുത്ത നിലപാട്.

അതായത് സ്‌പോട്ട് ബുക്കിങ്ങോ അല്ലെങ്കില്‍ പകരം സംവിധാനമോ വേണമെന്ന കാര്യത്തില്‍ ബോര്‍ഡിനും അഭിപ്രായമുണ്ടെന്ന് സാരം. പകരം സംവിധാനമൊരുക്കണമെന്ന ബോര്‍ഡിന്റെ ആവശ്യത്തോട് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുഖം തിരിച്ചേക്കില്ല.

സ്പോട്ട് ബുക്കിങ് പുനഃപരിശോധന ആലോചനയിൽ

ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനഃപരിശോധിച്ചേക്കും. വ്രതം നോറ്റെത്തുന്ന ഒരുഭക്തനും അയ്യപ്പദർശനം കിട്ടാതെ മടങ്ങേണ്ടിവരില്ലെന്ന് ഉറപ്പാക്കുമെന്നും സർക്കാരുമായി ആലോചിച്ച് ക്രമീകരണം ഒരുക്കുമെന്നും ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

തിരക്കേറുമ്പോൾ ദർശനത്തിന് കൂടുതൽ സമയംനൽകി സാധാരണ ക്രമീകരണം നടത്താറുണ്ട്. ഇത് ഇത്തവണ മണ്ഡല-മകരവിളക്കുകാലത്ത് എല്ലാദിവസവും ബാധകമാക്കും. പുലർച്ചെ മൂന്നുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11 വരെയും ദർശനം നടത്താം. വെള്ളിയാഴ്ചത്തെ ബോർഡ് അവലോകനയോഗത്തിലും വെർച്വൽ ക്യൂ മാത്രം മതിയെന്നാണ് തീരുമാനം. എന്നാൽ, ബുക്ക് ചെയ്യാതെ എത്തുന്നവർക്കുള്ള ബദൽസംവിധാനത്തിന്റെ ആവശ്യകത സർക്കാരിനെ അറിയിക്കും. പമ്പയിലെങ്കിലും സ്പോട്ട് ബുക്കിങ് വേണമെന്ന നിലപാടാണ് ദേവസ്വം ബോർഡിന്റേത്.

ഒരുദിവസം 80,000 ഭക്തർ എന്ന പരിധിയിൽ മാറ്റമുണ്ടാകില്ല. വെർച്വൽ ക്യൂവിൽ ബുക്കുചെയ്യുന്നവർക്ക് ദർശനത്തിനെത്താൻ 24 മണിക്കൂർ മുൻപും പിൻപും സാവകാശവും നൽകും. നേരിട്ട്‌ ബുക്കുചെയ്യാനാവാത്തവർക്ക് അക്ഷയ സെന്ററുകളിലും ജനസേവനകേന്ദ്രങ്ങളിലും സൗകര്യമൊരുക്കും. ശബരിമല ഇടത്താവളങ്ങളിലും ജനസേവനകേന്ദ്രങ്ങളുണ്ടാകും.

അമിത സ്പോട്ട് ബുക്കിങ് കാരണമാണ് മുൻപ്‌ തീർഥാടകരെ വഴിയിൽ തടയേണ്ടിവന്നത്. തീർഥാടകരുടെ വിവരങ്ങൾ മുൻകൂർ ശേഖരിച്ചാലേ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും തിരക്കുനിയന്ത്രിക്കാനും കഴിയൂ. അന്നദാനം, പ്രസാദം, കുടിവെള്ളം, ലഘുഭക്ഷണം എന്നിവ ക്രമീകരിക്കാനും ഇത് സൗകര്യമാകും. തിരക്കുകുറഞ്ഞ ദിവസം ദർശനത്തിന് തിരഞ്ഞെടുക്കാനുമാകും. ക്രമീകരണങ്ങളെപ്പറ്റി വിവിധസംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും.

പ്രതിഷേധവുമായി കോൺഗ്രസും ബി.ജെ.പിയും

ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസും ബി.ജെ.പി.യും. സ്‌പോട്ട് ബുക്കിങ്ങിനെപ്പറ്റി വെള്ളിയാഴ്ചയും ബോർഡ് പഴയ നിലപാട് ആവർത്തിക്കുകയാണെന്നാണ് കുറ്റപ്പെടുത്തൽ.

മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കേണ്ട ചുമതലയിൽനിന്നാണ് സർക്കാരും ദേവസ്വവും ഒഴിഞ്ഞുമാറുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. സർക്കാരും ദേവസ്വം ബോർഡും വാശി ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

സ്‌പോട്ട് ബുക്കിങ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. ശബരിമലയെ തകർക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. തീർഥാടനത്തിന് ഏർപ്പെടുത്തിയ അമിത നിയന്ത്രണം അംഗീകരിക്കാനാകില്ലെന്നും നിയന്ത്രണമല്ല, ഭക്തർക്കു ദർശനത്തിനുള്ള സാഹചര്യമാണ് ഒരുക്കേണ്ടതെന്നും മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.

അയ്യപ്പഭക്തരെ കാത്തിരിക്കുന്നത് വലിയ ദുരിതം -മാർഗദർശക മണ്ഡലം

കോട്ടയം: ശബരിമല സന്നിധാനത്തെത്തി ഭഗവാനെ ദർശിക്കുവാൻ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമെത്തുന്ന അയ്യപ്പഭക്തർ വലിയ ദുരിതങ്ങളാണനുഭവിക്കുന്നതെന്ന് മാർഗദർശകമണ്ഡലം ജന.സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി. ഭരണകൂടത്തിനും നാട്ടിലെ കച്ചവടക്കാർക്കും വളരെവലിയ വരുമാനമാണ് തീർഥാടനകാലത്ത് ലഭിക്കുന്നത്. എന്നാൽ അതിനനുസരിച്ചുള്ള സൗകര്യങ്ങളൊന്നും സന്നിധാനത്തോ, കാനനപാതയിലോ പമ്പയിലോ നിലയ്ക്കലോ ഒന്നും ഒരുക്കിയിട്ടില്ല. ഭക്തനെ വെറും കറവപ്പശു മാത്രമായാണ് അധികാരികൾ കാണുന്നത്. പോലീസുകാർപോലും അപമാനകരമായിട്ടാണ് ഇടപെടുന്നത്. ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും കേന്ദ്രം എന്ന നിലയിലേക്ക് ശബരിമലയെ മാറ്റുവാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെ ചോദ്യം ചെയ്യുന്ന ഹിന്ദുസംഘടനകളേയും അവരുടെ സേവനങ്ങളേയും പരമാവധി അകറ്റിനിർത്തുന്നതിനുള്ള ശ്രമമാണ് ദേവസ്വംബോർഡ് നടത്തുന്നത്.

എരുമേലി മുതലുള്ള തീർഥാടനവഴികളിൽ മത്സ്യ-മാംസക്കടകൾ കർട്ടനിട്ടു മറച്ച് വ്യാപാരം നടത്തുന്നതിനുള്ള നിർദേശംപോലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നത് ഖേദകരമാണ്.

സാഹചര്യങ്ങൾ മാറ്റി പുണ്യാനുഭവത്തോടെ യാത്രചെയ്ത് അയ്യപ്പദർശനം നടത്തി ശുദ്ധമായ പ്രസാദവും സ്വീകരിച്ച് മടങ്ങുവാനുള്ള സാഹചര്യം ദേവസ്വം ബോർഡൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭക്തരുടെ അവകാശത്തിന്റെ ലംഘനം – കുമ്മനം രാജശേഖരൻ

ശബരിമലയിൽ ദിവസം 80,000 പേർക്ക് മാത്രമായി ദർശനം പരിമിതപ്പെടുത്തുന്നത് ഭക്തരുടെ അവകാശത്തിന്റെ ലംഘനമാണ്. അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള ബാധ്യത സർക്കാരും ദേവസ്വം ബോർഡും നിറവേറ്റാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. ഇത് പരിഹരിക്കുന്നതിനുപകരം ഭക്തരുടെ എണ്ണം കുറയ്ക്കാനാണ് ശ്രമിക്കുന്നത്.

ഒരു മിനിറ്റിൽ 120 പേരെ പതിനെട്ടാം പടി കയറ്റിവിടാൻ കഴിയുമെന്ന് മുൻപ്‌ തെളിഞ്ഞതാണ്. ഇപ്പോഴത് 80-ലും താഴെയാണ്. ഇത് ഭക്തരുടെ വരി നീളാൻ ഇടയാക്കുന്നു. പരിശീലനം ലഭിച്ച സേനാംഗങ്ങൾക്ക് ഇത് കൃത്യമായി നിർവഹിക്കാനാകും. ഈ ചുമതല കേന്ദ്രസേനകളെ ഏൽപ്പിക്കാം.

ഇടത്താവളങ്ങളായ എരുമേലി, പന്തളം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ പാർക്കിങ്, വിരിവെപ്പ് സൗകര്യങ്ങൾ കൂട്ടണം. നിലയ്ക്കൽ, പമ്പ, സന്നിധാനം യാത്ര ധാരണയോടെ ക്രമീകരിച്ചാണ് മുൻപ്‌ ദിവസം ഒരുലക്ഷം പേർക്കുവരെ ദർശനം സാധ്യമാക്കിയിരുന്നത്. അത് പഠിച്ച് നടപ്പാക്കണം. സ്പോട്ട് ബുക്കിങ് പുനരാരംഭിക്കണം. 80,000 പേർ ബുക്ക് ചെയ്താലും 20 ശതമാനംവരെ പേർ വന്നില്ലെന്നു വരാം. ഇൗ ഒഴിവ് എങ്ങനെ നികത്തുമെന്നതിൽ വ്യക്തതയില്ല. ഇത് ക്രമക്കേടിന് ഇടയാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!