യു.എ.ഇയിൽ നിന്ന് ഇന്ത്യൻ ടീം ഓസീസിലേക്ക്

ദുബായ് : ഐ.പി.എല്‍ കഴിഞ്ഞതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ മൂന്നുമാസത്തോളം നീളുന്ന ആസ്ട്രേലിയന്‍ പര്യടനത്തിനായി യു.എ.ഇയില്‍ നിന്ന് യാത്രതിരിക്കും. മൂന്ന് വീതം ട്വന്റി-20യും ഏകദിനങ്ങളും നാലു ടെസ്റ്റുകളുമാണ് പര്യടനത്തിനുള്ളത്.
ആസ്ട്രേലിയയിലെത്തുന്ന ഇന്ത്യന്‍ ടീം 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കും. അതിന് ശേഷമേ മത്സരങ്ങള്‍ക്ക് ഇറങ്ങൂ. ഏകദിന പരമ്ബരയാണ് ആദ്യം. തുടര്‍ന്ന് ട്വന്റി-20കള്‍. ഡിസംബറില്‍ അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം ക്യാപ്ടന്‍ വിരാട് കൊഹ്‌ലി ഭാര്യയുടെ പ്രസവത്തിനായി ഇന്ത്യയിലേക്ക് മടങ്ങും. മലയാളി താരം സഞ്ജു സാംസണെ ആദ്യം ട്വന്റി-20 ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് ഏകദിനത്തിലുമെടുത്തിട്ടുണ്ട്. ഐ.പി.എല്ലിനിടെ സംഭവിച്ച പരിക്കില്‍ നിന്ന് മോചിതനായി കളിക്കാനിറങ്ങിയ രോഹിത് ശര്‍മ്മ ടീമിനാെപ്പം ഇപ്പോള്‍ ആസ്ട്രേലിയയിലേക്ക് പോകുന്നില്ല. ട്വന്റി-20,ഏകദിന പരമ്ബരകളില്‍ വിശ്രമം അനുവദിക്കപ്പെട്ട രോഹിത് നാട്ടിലേക്ക് മടങ്ങും. ബി.സി.സി.ഐയുടെ ഫിറ്റ്നെസ് ടെസ്റ്റ് പാസായ ശേഷം ആദ്യ ടെസ്റ്റിന് 14 ദിവസം ക്വാറന്റൈന്‍ കണക്കിലെടുത്ത് ആസ്ട്രേലിയയിലേക്ക് പോകും.
ഐ.പി.എല്ലില്‍ കളിക്കാത്ത ടെസ്റ്റ് താരങ്ങളും കോച്ച് രവി ശാസ്ത്രി അടക്കമുള്ള സപ്പോര്‍ട്ടിംഗ് സ്റ്റാഫും നേരത്തേ യു.എ.ഇയിലെത്തി ബയോസെക്യുര്‍ ബബിളില്‍ പ്രവേശിച്ചിരുന്നു. ഐ.പി.എല്‍ പ്ളേ ഓഫില്‍ ഇടം പിടിക്കാത്ത ടീമുകളിലെ പര്യടനത്തിനുള്ള താരങ്ങള്‍ ഐ.പി.എല്‍ ബബിളില്‍ നിന്ന് ഇന്ത്യന്‍ ടീമിന്റെ ബബിളിലേക്ക് വന്നുചേര്‍ന്നു. ഫൈനലും കഴിഞ്ഞതോടെ എല്ലാ താരങ്ങളും ഇന്ത്യന്‍ ബബിളിനുള്ളിലായി.
ഓസീസ് പര്യടന ഫിക്സ്ചര്‍
ഏകദിനങ്ങള്‍
നവംബര്‍ 27,29 ഡിസംബര്‍ 2
ട്വന്റി-20കള്‍
ഡിസംബര്‍ 4,6,8
ടെസ്റ്റുകള്‍
- ഡിസംബര്‍ 17-21
- ഡിസംബര്‍ 26-30
- ജനുവരി 7-11
4.ജനുവരി 15-19
പുത്തന്‍ കുപ്പായത്തില്‍ ഓസീസ്
ഇന്ത്യയ്ക്കെതിരായ ഏകദിന,ട്വന്റി-20 പരമ്ബരകളില്‍ തങ്ങളുടെ പുതിയ ജഴ്സി ആസ്ട്രേലിയന്‍ ടീം പുറത്തിറക്കി . തദ്ദേശീയ ആദിമ സംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ വ്യക്തമായി രൂപകല്‍പ്പന ചെയ്തതാണ് പുതിയ ജഴ്സി.

