രാജ്യത്ത് വിലക്കയറ്റം ആറുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി
ഒക്ടോബറില്‍ മാത്രം വിലക്കയറ്റം 7.61%; ആയി ഉയർന്നു

ന്യൂഡൽഹി: രാജ്യത്ത് വിലക്കയറ്റം ആറുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഒക്ടോബറിൽ വിലക്കയറ്റം 7.61 ശതമാനം രേഖപ്പെടുത്തി. പച്ചക്കറി, പയറുവർഗങ്ങൾ എന്നിവയുടെ വിലക്കയറ്റമാണ് നിരക്ക് ഉയരാൻ കാരണമായത്.കേന്ദ്രസർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.2014 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഒക്ടോബർ മാസത്തെ രാജ്യത്തെ ചില്ലറ വിലക്കയറ്റം 7.61 ശതമാനമായിട്ടുണ്ട്. സെപ്റ്റംബർ മാസം ഇത് 7.27 ശതമാനമായിരുന്നു.പച്ചക്കറിക്ക് 22.5 ശതമാനമാണ് വില വർധനയുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ഇത് 20.73 ശതമാനമായിരുന്നു. പയറുവർഗങ്ങൾക്ക് 18.34 ശതമാനമാണ് വില വർധിച്ചത്. തൊട്ടു മുൻപത്തെ മാസം ഇത് 14. 67 ശതമാനമായിരുന്നു.സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിധത്തിലാണ് വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. വരും മാസങ്ങളിലും ഇത് തുടരാൻ സാധ്യതയുണ്ട്. എന്നാൽ സർക്കാർ ഇപ്പോൾ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുകയും വിപണിയിൽ ഇടപെടാനും ശ്രമിക്കുന്നുണ്ട്. വരും മാസങ്ങളിൽ വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാറുള്ളത്.

