ലഡാക്കിന്റെ തെറ്റായ ഭൂപടം:
ട്വിറ്റര്‍ വിശദീകരണം നല്‍കണം; ഐടി ആക്ട് പ്രകാരം രാജ്യത്ത് വിലക്ക് അടക്കം നേരിടേണ്ടിവന്നേക്കാം

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനെ ജമ്മു കശ്മീരിന്റെ ഭാഗമായി ഭൂപടത്തിൽ കാണിച്ചത് സംബന്ധിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സർക്കാർ. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഐ.ടി ആക്ട് പ്രകാരം രാജ്യത്ത് ട്വിറ്ററിന് വിലക്കേർപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിന് കഴിയും. ആറുമാസം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്ത് കേസെടുക്കാനും കഴിയുമെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്തു.
ലഡാക്കിന്റെ തലസ്ഥാനമായ ലേയെ ജമ്മു കശ്മീരിന്റെ ഭാഗമായ പ്രദേശമായി ഭൂപടത്തിൽ കാണിച്ചിരിക്കുന്നത് ബോധപൂർവമായ നടപടിയാണെന്ന് കേന്ദ്ര സർക്കാർ ട്വിറ്ററിനയച്ച നോട്ടീസിൽ പറയുന്നു. ലേ ആസ്ഥാനമായി ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി പ്രഖ്യാപനം നടത്തിയ പാർലമെന്റിനെ അവമതിക്കുന്ന നടപടിയാണിതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെറ്റായ ഭൂപടം പ്രസിദ്ധീകരിച്ച് ഇന്ത്യയുടെ അതിർത്തികളെ മാനിക്കാതിരുന്നതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വിശദീകരിക്കണമെന്നാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അതിനിടെ, കേന്ദ്ര സർക്കാരിനോടും ഐ.ടി മന്ത്രാലയത്തോടും പൂർണമായും സഹകരിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. വിശദീകരണം നൽകുമെന്നും ജിയോ – ടാഗ് സംബന്ധിച്ച പ്രശ്നങ്ങൾ വിശദീകരിക്കുമെന്നും അവർ പറയുന്നു.
നേരത്തെ ലേയെ ചൈനയുടെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം ട്വിറ്റർ പുറത്തുവിട്ടിരുന്നു. ഇതേത്തുടർന്ന് ഐ.ടി മന്ത്രാലയ സെക്രട്ടറി ട്വിറ്റർ മേധാവിക്ക് കത്തയച്ചിരുന്നു. ഇതേത്തുടർന്ന് ഭൂപടത്തിൽ ട്വിറ്റർ മാറ്റങ്ങൾ വരുത്തി. എന്നാൽ ലേയെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ഭാഗമാക്കി മാറ്റിയിട്ടില്ല. ജമ്മു കശ്മീരിന്റെ ഭാഗമായാണ് ലേ ഭൂപടത്തിൽ കാണിച്ചിരിക്കുന്നത്.
ലേയെ ചൈനയുടെ ഭാഗമാക്കി ഭൂപടത്തിൽ കാണിച്ച സമയത്തും കേന്ദ്ര സർക്കാർ കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും മാനിക്കാത്ത രീതിയിലുള്ള സമീപനം സ്വീകാര്യമല്ലെന്നും നിയമ വിരുദ്ധമാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനാണ് ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയത്. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തിരുന്നു.

