നവീന്‍ ബാബുവിന്റെ മരണം; കണ്ണൂര്‍ സി.പി.എമ്മിന്റെ നിലപാടില്‍ വെട്ടിലായി പത്തനംതിട്ട ഘടകം

പത്തനംതിട്ട: മുന്‍ കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാസെക്രട്ടറിയുടെ നിലപാട്, പാര്‍ട്ടിയുടെ പത്തനംതിട്ട ഘടകത്തെ വെട്ടിലാക്കി. പാര്‍ട്ടി നിലപാടില്‍ കണ്ണൂരെന്നോ പത്തനംതിട്ടയെന്നോ വ്യത്യാസമില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടിരിക്കെയാണ് അതിനുവിരുദ്ധമായി കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്റെ നിലപാട് പുറത്തുവന്നത്.
എ.ഡി.എം. കൈക്കൂലിവാങ്ങിയെന്ന് ഒരുകൂട്ടരും കൈക്കൂലിവാങ്ങുന്ന ആളല്ലെന്ന് മറ്റൊരുകൂട്ടരും പറയുന്ന സാഹചര്യത്തില്‍ നിജസ്ഥിതിയറിയാന്‍ സമഗ്രാന്വേഷണം ആവശ്യമാണെന്ന ജയരാജന്റെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍പോലും പത്തനംതിട്ട ജില്ലാനേതൃത്വം പ്രയാസപ്പെടുകയാണ്. നവീന്‍ ബാബു തെറ്റുകാരനാണെന്ന് ഒരുഘട്ടത്തില്‍പ്പോലും പത്തനംതിട്ട ഘടകം പറഞ്ഞിട്ടില്ല.
നവീനിന്റെ കുടുംബത്തിനൊപ്പമാണ് സി.പി.എമ്മെന്ന് തുടക്കത്തില്‍ത്തന്നെ പത്തനംതിട്ട ജില്ലാഘടകം പ്രഖ്യാപിച്ചതോടെ അതില്‍നിന്ന് വേറിട്ടൊരു അഭിപ്രായംപറയാന്‍ സംസ്ഥാനനേതൃത്വത്തിനും പറ്റാതായി. എന്നാല്‍ കണ്ണൂര്‍ ഘടകം പി.പി. ദിവ്യയെ അഴിമതിവിരുദ്ധ പോരാളിയാക്കി പ്രസ്താവനയിറക്കിയതോടെയാണ് രണ്ടുതട്ടില്‍ എന്ന ആരോപണമുയര്‍ന്നത്. ഡി.വൈ.എഫ്.ഐ.യുടെ ഭാഗത്തുനിന്ന് ദിവ്യയെ അനുകൂലിച്ചുള്ള പ്രസ്താവന വന്നതോടെ ആരോപണം ബലപ്പെട്ടു.
ഈ ഘട്ടത്തിലാണ് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ നവീന്‍ ബാബുവിന്റെ വീട്ടിലെത്തിയത്. അന്ന് പാര്‍ട്ടിയില്‍ രണ്ടുതട്ടില്ലെന്നും താന്‍ പറയുന്നതാണ് അവസാനവാക്കെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടിക്ക് ഒരു നിലപാടേയുള്ളൂവെന്നും അത് നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ഇരയ്‌ക്കൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്നുകാട്ടി പത്തനംതിട്ട ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു ഫെയ്‌സ്ബുക്ക് പോസ്റ്റുമിട്ടു. അതിനുശേഷം, തുറന്നപ്രതികരണങ്ങള്‍ ഇല്ലാതിരുന്ന ഘട്ടത്തിലാണ് നവീന്‍ ബാബുവിനെ സംശയനിഴലില്‍ നിര്‍ത്തി എം.വി. ജയരാജന്റെ പ്രസ്താവന വന്നത്.

