അധ്യായം അടച്ചിട്ടില്ല, നടപടിക്രമം അനുസരിച്ച് മുന്നോട്ട് പോകും; ഓഫീസർമാരുടെ സസ്പെൻഷനിൽ മന്ത്രി രാജീവ്

തിരുവനന്തപുരം: എൻ. പ്രശാന്തിനും കെ. ഗോപാലകൃഷ്ണനും എതിരേ കടുത്ത നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നും എന്നാല്‍ അത് അവസാനത്തേത് അല്ലെന്നും മന്ത്രി പി. രാജീവ്. നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കുക. അല്ലെങ്കില്‍ അവര്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ പോകാം. നടപടിക്രമം പാലിച്ചോ എന്ന് മാത്രമാണ് ട്രിബ്യൂണൽ നോക്കുക. പക്ഷേ ഇതോടെ അധ്യായം അടച്ചിട്ടില്ല. ഇനി എന്തെല്ലാം വരുമെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. നടപടിക്രമം അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകും. പ്രാഥമികമായി ബോധ്യപ്പെട്ടത് അനുസരിച്ച് സിവില്‍ സര്‍വീസ് ചടങ്ങള്‍ പ്രകാരമുള്ള ഏറ്റവും ശക്തമായ നടപടി ഈഘട്ടത്തില്‍ സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
നേരത്തെ സാമൂഹികമാധ്യമക്കുറിപ്പിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ നിരന്തരം അവഹേളിച്ച കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനേയും മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണനേയും സർക്കാർ സസ്പെന്റ് ചെയ്തുരുന്നു. പ്രശാന്തിനും ഗോപാലകൃഷ്ണനുമെതിരേയുള്ള റിപ്പോർട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഞായറാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഉന്നത തസ്തികയിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർ സർക്കാരിന് കളങ്കമുണ്ടാക്കിയെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിലയിരുത്തൽ.
പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ള ക്ഷേമത്തിനും പദ്ധതിനിർവഹണത്തിനുമുള്ള ‘ഉന്നതി’യുടെ ഫയലുകൾ കാണാനില്ലെന്നും സ്പെഷ്യൽ സെക്രട്ടറിയായിരുന്ന പ്രശാന്ത് വ്യാജഹാജർ രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ജയതിലക് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പുറത്തുവന്നതോടെ സാമൂഹിക മാധ്യമത്തിലൂടെ, എല്ലാ സർവീസ് ചട്ടങ്ങളും ലംഘിച്ച് ജയതിലകിനെ പ്രശാന്ത് അധിക്ഷേപിക്കാൻ തുടങ്ങി. റിപ്പോർട്ടിന്റെ ഉള്ളടക്കം ആദ്യം പുറത്തുവിട്ട മാതൃഭൂമിയെയും സാമൂഹികമാധ്യമത്തിലൂടെ പ്രശാന്ത് ആക്ഷേപിച്ചു.
മതത്തിന്റെപേരിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണൻ, തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്ന് നൽകിയ വിശദീകരണം സർക്കാർ അംഗീകരിച്ചില്ല. അദ്ദേഹത്തിന്റെ ഫോണോ, വാട്സാപ്പോ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെയും അതുമറയ്ക്കാൻ നടത്തിയ ശ്രമത്തെയും അതിഗൗരവത്തോടെയാണ് സർക്കാർ കണ്ടത്. ഗോപാലകൃഷ്ണന്റെ മല്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് എന്നീ പേരുകളിലുള്ള വാട്സാപ്പ് ഗ്രൂപ്പുകളാണ് വിവാദമായത്. ഇതോടെയാണ് തന്റെ ഫോൺ ഹാക്ക് ചെയ്ത് 11 ഗ്രൂപ്പുകൾ തുടങ്ങിയെന്ന പരാതിയുമായി ഗോപാലകൃഷ്ണൻ പോലീസിനെ സമീപിച്ചത്.

