ഇസ്ലാമാബാദിലെ സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യയെന്ന് ഷഹബാസ് ഷെരീഫ്; ആരോപണം തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്ലാമാബാദിലെ സ്‌ഫോടനത്തെ ന്യൂഡല്‍ഹിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ആരോപണങ്ങള്‍ തള്ളി ഇന്ത്യ. ഇത് ആ രാജ്യത്തെ ‘വിഭ്രാന്തിയിലായ’ നേതൃത്വം വ്യാജമായ കഥകള്‍ മെനയാന്‍ ഉപയോഗിക്കുന്ന തന്ത്രമാണെന്നും ഇന്ത്യ പറഞ്ഞു.
പാക് തലസ്ഥാന നഗരിയിലെ കോടതിക്ക് പുറത്തുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ‘ഇന്ത്യന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന’ ഗ്രൂപ്പുകള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് ഷഹബാസ് ഷെരീഫ് ആരോപിച്ചത്.
യാഥാര്‍ഥ്യം അന്താരാഷ്ട്ര സമൂഹത്തിന് നന്നായി അറിയാമെന്നും പാകിസ്താന്റെ ‘നിരാശാജനകമായ’ തന്ത്രങ്ങളില്‍ അവര്‍ വഴിതെറ്റിക്കപ്പെടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
‘വിഭ്രാന്തിയിലായ പാക് നേതൃത്വം ഉന്നയിക്കുന്ന അടിസ്ഥാനരഹിതവും കഴമ്പില്ലാത്തതുമായ ആരോപണങ്ങളെ ഇന്ത്യ നിസ്സംശയം തള്ളിക്കളയുന്നു,’ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
‘രാജ്യത്തിനകത്ത് അരങ്ങേറുന്ന സൈനിക പ്രേരണയുള്ള ഭരണഘടനാ അട്ടിമറിയില്‍ നിന്നും അധികാരം പിടിച്ചെടുക്കലില്‍ നിന്നും സ്വന്തം ജനതയുടെ ശ്രദ്ധ തിരിക്കുന്നതിനായി ഇന്ത്യയ്ക്കെതിരെ വ്യാജമായ കഥകള്‍ മെനയുന്നത് പാകിസ്താന്റെ തന്ത്രമാണ്,’ അദ്ദേഹം പറഞ്ഞു.
പ്രതിരോധ സേനയുടെ തലവന്‍ എന്ന പുതിയ പദവി സൃഷ്ടിക്കുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതിന് പിന്നാലെ ഷെരീഫ് സര്‍ക്കാര്‍ പാകിസ്താനിലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം നേരിടുന്നുണ്ട്.
‘അന്താരാഷ്ട്ര സമൂഹത്തിന് യാഥാര്‍ഥ്യം നന്നായി അറിയാം, പാകിസ്താന്റെ നിരാശാജനകമായ ശ്രദ്ധതിരിക്കല്‍ തന്ത്രങ്ങളില്‍ അവര്‍ വഴിതെറ്റിക്കപ്പെടില്ല,’ ജയ്സ്വാള്‍ പറഞ്ഞു.
അക്രമി കോടതി സമുച്ചയത്തിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കെട്ടിടത്തിന്റെ ഗേറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനത്തിനടുത്ത് വെച്ച് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിക്കുകയായിരുന്നു എന്നാണ് ഇസ്ലാമാബാദിലെ സ്ഫോടനത്തെക്കുറിച്ച് പാകിസ്താന്‍ ആഭ്യന്തരമന്ത്രി മൊഹ്സിന്‍ നഖ്വി പറഞ്ഞത്.
ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപത്തായാണ് സ്‌ഫോടനം ഉണ്ടായത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.

