കുട്ടികൾക്ക് കോളടിച്ചു! സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധി പ്രഖ്യാപിച്ചു; ഇത്തവണ 12 ദിവസം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ ജനുവരി 4 വരെയാകും അവധിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഈ രണ്ട് ദിവസങ്ങള്‍ ഉള്‍പ്പെടെയാണ് അവധി.
അർധവാർഷിക പരീക്ഷ ഡിസംബർ 15ന് ആരംഭിച്ച് 23ന് അവസാനിക്കും. പിന്നീട് ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി 5ന് സ്കൂൾ തുറക്കും. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസിന് 12 ദിവസങ്ങളാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക. സാധാരണ വര്‍ഷങ്ങളില്‍ 10 ദിവസമാണ് ക്രിസ്മസ് അവധി ഉണ്ടാകാറ്. ജനുവരി 2ന് മന്നം ജയന്തിയുടെ അവധി കൂടി പരിഗണിച്ചാണ് തുടർന്നുള്ള ശനി, ഞായർ കൂടി കഴിഞ്ഞ് 5ന് തുറക്കാൻ തീരുമാനിച്ചത്.
ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്പോള്‍ മാസത്തിന്‍റെ പകുതി ദിനങ്ങളില്‍ മാത്രമേ ഡിസംബറില്‍ വിദ്യാർത്ഥികള്‍ക്ക് സ്കൂളില്‍ പോകേണ്ടി വരാറുള്ളു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണം കൂടി. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണ്. ഇതിന് പുറമെ വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ അവധി ലഭിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 13 ശനിയാഴ്ചയും അവധിയായിരിക്കും.

