കടത്തില്‍ മുങ്ങി ജീവനൊടുക്കി ഭര്‍ത്താവ്, നിലയില്ലാ കയത്തില്‍നിന്ന് കഫേ കോഫിഡേയെ ഉയര്‍ത്തി മാളവിക

ബെംഗളൂരു: രാജ്യത്തെ ഞെട്ടിച്ചതായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേയുടെ ഉടമ വി.ജി. സിദ്ധാർത്ഥയുടെ മരണം. 2019 ജൂലായിൽ മംഗലാപുരത്തിനടുത്ത് വെച്ച് നേത്രാവതി പുഴക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു സിദ്ധാർത്ഥ. 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലാണെന്നും കമ്പനിയുടെ സാമ്പത്തിക നഷ്ടങ്ങൾക്ക് താൻ മാത്രമാണ് ഉത്തരവാദിയെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു സിദ്ധാർത്ഥയുടെ ആത്മഹത്യ.
ലാഭകരമായ ബിസിനസ്സ് മോഡൽ സൃഷ്ടിക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും പുറത്തുവന്ന സിദ്ധാർത്ഥയുടെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. സ്വകാര്യ ഇക്വിറ്റി പങ്കാളികളിൽ നിന്നും വായ്പകൾ നൽകിയ മറ്റുള്ളവരിൽനിന്നുമുള്ള സമ്മർദ്ദവും ആദായ നികുതി വകുപ്പിൽ നിന്നുള്ള പീഡനവും അസഹനീയമായതായും അദ്ദേഹം പറയുകയുണ്ടായി. ‘ആരെയും വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ആയിരുന്നില്ല, ഒരു സംരംഭകൻ എന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു’ കുറിപ്പിൽ പറഞ്ഞു.