കണ്ണൂർ ചെറുവാഞ്ചേരിയിൽ യുവതിയെ കാണാതായിട്ട് 12 ദിവസം; വനത്തില്‍ തിരച്ചിലിനിറങ്ങിയത് 200-ഓളം പേര്‍, ഒരു സൂചനയുമില്ല

ചെറുവാഞ്ചേരി(കണ്ണൂര്‍): കാണാതായ സിന്ധുവിനായി നാടൊന്നാകെ കൈകോര്‍ത്തിട്ടും ഒരു സൂചനയും ലഭിച്ചില്ല. ഞായറാഴ്ച രാവിലെ മുതല്‍ വിവിധ രാഷ്ട്രീയകക്ഷി സംഘടനകളും സന്നദ്ധസംഘടനകളും ഒത്തുചേര്‍ന്ന് ചെറിയ സംഘങ്ങളായി ചേര്‍ന്ന് വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 200-ലധികം നാട്ടുകാര്‍ തിരച്ചലിനായി വെങ്ങളത്ത് എത്തിയിരുന്നു.
12 ദിവസം മുന്‍പാണ് കണ്ണവം ഉന്നതിയില്‍നിന്ന് എന്‍.സിന്ധുവിനെ കാണാതായത്. ഞായറാഴ്ച രാവിലെ മുതല്‍ ഇളമാങ്കല്‍, കടവ്, കാണിയൂര്‍, വെങ്ങളം, മുണ്ടയോട്, പറമ്പുക്കാവ്, കോളിക്കല്‍ എന്നീ സ്ഥലങ്ങളില്‍ പോലീസ് സേനകളും വനം വകുപ്പും അഗ്‌നിരക്ഷാ സേനയും തണ്ടര്‍ബോള്‍ട്ടും തിരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞദിവസം ഡോഗ് സ്‌ക്വാഡിലെ പോലീസ് നായ സിന്ധു വിറക് ശേഖരിച്ച് വെച്ച സ്ഥലത്തുനിന്ന് മണം പിടിച്ച് പറമ്പുക്കാവ് വരെ ഓടിയത് മാത്രമാണ് ഏക സൂചന.
ഷാഫി പറമ്പില്‍ എം.പി., കെ.പി.മോഹനന്‍ എം.എല്‍.എ. എന്നിവര്‍ സിന്ധുവിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചു. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ കേന്ദ്രതലത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രിതലത്തില്‍ തീരുമാനമെടുക്കണമെന്ന് ഷാഫി പറമ്പില്‍ എം.പി. ആവശ്യപ്പെട്ടു.
കെ.പി.മോഹനന്‍ എം.എല്‍.എ. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഞായറാഴ്ചയും ബന്ധപ്പെട്ടു. ഊര്‍ജിത തിരച്ചില്‍ നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം.എല്‍.എ. പറഞ്ഞു. പാട്യം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.വി.ഷിനിജ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംയുക്ത തിരച്ചിലിന് നേതൃത്വം നല്‍കി. കണ്ണവം ഇന്‍സ്‌പെക്ടര്‍ കെ.വി.ഉമേഷിന്റെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സേന തിങ്കളാഴ്ചയും തിരച്ചില്‍ തുടരും.