അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലപാതകം: പ്രതികളെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കാസർകോട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം.സി.അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലപാതകവും 596 പവൻ ആഭരണങ്ങൾ കാണാതാവുകയും ചെയ്ത സംഭവത്തിൽ പൊലീസ് കസ്റ്റഡിലുള്ള പ്രതികളെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിനാൽ ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട് ഒട്ടേറെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ഇതിനുപുറമേ അബ്ദുൽ ഗഫൂർ ഹാജിയുടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ചു മന്ത്രവാദം നടത്തിയ സ്ഥലത്തെ കുഴി തുറന്നു പരിശോധന നടത്തി.
കൊലപാതകത്തിനുശേഷം പൂച്ചക്കാട്ടുനിന്നു മാങ്ങാട് കുളിക്കുന്നിലേക്കു പോകുംവഴി ചില സാധനങ്ങൾ ബേക്കൽ പുഴയിലേക്കു വലിച്ചെറിഞ്ഞതായി ഒന്നാം പ്രതിയുടെ മൊഴിയെത്തുടർന്ന് ബേക്കൽ പാലത്തിലെത്തിച്ചും തെളിവെടുത്തു.കണ്ണൂർ ടൗണിൽ ദുർമന്ത്രവാദസംഘം പുതുതായി തുടങ്ങാനിരുന്ന കോസ്മറ്റിക് അക്യുപഞ്ചർ സ്ഥാപനത്തിലും ഇവർ താമസിക്കാനെത്തിയ പാർപ്പിട സമുച്ചയത്തിലും തെളിവെടുപ്പ് നടത്തി.
കണ്ണൂരിലെ പാർപ്പിട സമുച്ചയത്തിൽനിന്നു ഭസ്മങ്ങൾ, ഉറുക്ക്, ചരടുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിനുള്ള ഗൂഢാലോചന നടന്ന മൂന്നാം പ്രതിയുടെ വീട്ടിലും രണ്ടാം പ്രതി ജിന്നുമ്മയുടെ കുളിക്കുന്ന് വീട്ടിലെ തെളിവെടുപ്പും നടത്തിയിരുന്നു. കൂടുതൽ തെളിവെടുപ്പിനായി 4 പ്രതികളെയും 14 വരെയാണു ഹൊസ്ദുർഗ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കാസർകോട് ഡിസിആർബി ഡിവൈഎസ്പി കെ.ജെ.ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്.

