KSDLIVENEWS

Real news for everyone

യു.എം അബ്ദുറഹ്മാൻ മുസ്ലിയാർക്ക് വിട: വിജ്ഞാനവും വിനയവും കൈമുതലാക്കിയ പണ്ഡിതശ്രേഷ്ഠൻ

SHARE THIS ON

കാസർകോട്: വിജ്ഞാനസാഗരത്തിൽ ആഴത്തിലുള്ള നിരന്തര ഗവേഷണത്തോടൊപ്പം വിനയവും കൈമുതലാക്കി ദീനിസേവനത്തിൽ മുന്നേറിയിരുന്ന പണ്ഡിതശ്രേഷ്ഠനെയാണ് യു.എം. അബ്ദുൾ റഹ്മാൻ മൗലവിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ജില്ലയിലെ മുതിർന്ന സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന അദ്ദേഹം നിലവിൽ സമസ്തയുടെ സീനിയർ വൈസ് പ്രസിഡന്റാണ്. അവിഭക്ത കണ്ണൂർ ജില്ലയുടെ സമസ്ത സെക്രട്ടറിയുമായിരുന്നു.

യു.എം. ഉസ്താദെന്ന ചുരുക്കപ്പേരിലാണ് സമസ്ത പ്രവർത്തകർക്കിടയിലും ശിഷ്യഗണങ്ങൾക്കിടയിലും അദ്ദേഹം അറിയപ്പെട്ടിരുന്നത്. ശാരീരികാവശതകൾ അലട്ടിയിരുന്ന അദ്ദേഹം ഏറെക്കാലമായി മൊഗ്രാലിലെ വീട്ടിൽ വിശ്രമജീവിതം നയിച്ചിരുന്നെങ്കിലും സമസ്തയുടെ പ്രധാന പരിപാടികളിലെല്ലാം തന്റെ സാന്നിധ്യമറിയിക്കാൻ ശ്രമിച്ചിരുന്നു. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ നയിച്ച സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് ഡിസംബർ 28-ന് തളങ്കരയിൽ നൽകിയ സ്വീകരണമാണ് അവസാനമായി അദ്ദേഹം പങ്കെടുത്ത പൊതുപരിപാടി.

സമസ്ത നൂറാം വാർഷികസമ്മേളനത്തിന്റെ പ്രചാരണാർഥം എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി നടത്തിയ ആത്മീയസഞ്ചാരത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചതും അദ്ദേഹമാണെങ്കിലും അത് നടന്നത് മൊഗ്രാലിലെ അദ്ദേഹത്തിന്റെ വീട്ടിൽവെച്ചായിരുന്നു. ജനുവരി ഒന്നിനാണ് ഈ പരിപാടി നടത്തിയത്.

ജില്ലയിൽ സമസ്തയുടെ പതാകവാഹകനായും പോഷകസംഘടനകളുടെ പ്രവർത്തനങ്ങളിലും പരിപാടികളിലും മുൻനിര നേതാവുമായിരുന്ന ഇദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു ഫെബ്രുവരി നാലിന് കുണിയയിൽ തുടങ്ങുന്ന സമസ്തയുടെ നൂറാം വാർഷികസമ്മേളനത്തിൽ പങ്കെടുക്കണമെന്നത്. അതിനും 24 ദിവസം മുൻപാണ് അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നത്.

ചട്ടഞ്ചാലിൽ മലബാർ ഇസ്‌ലാമിക് കോംപ്ലക്സ് എന്ന വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിന് അന്തരിച്ച ചെമ്പരിക്ക ഖാസി സി.എം. അബ്ദുള്ള മൗലവിയുടെ കൂടെ തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച അദ്ദേഹം ഇതിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്നു. 1939 നവംബർ രണ്ടിന് ജനിച്ച അദ്ദേഹം പ്രാഥമിക സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം 1963-64 കാലഘട്ടത്തിൽ മൗലവി ഫാളിൽ ബാഖവി വിദ്യാഭ്യാസം നേടി. മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളേജ്, കരുവൻതിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് എന്നിവിടങ്ങളിലായിരുന്നു മതപഠനം പൂർത്തീകരിച്ചത്. മൊഗ്രാൽ അബ്ദുൾ റഹ്മാൻ മുസ്‌ലിയാർ, കുറ്റിപ്പുറം അബ്ദുൾ ഹസൻ, കെ. അബ്ദുള്ള മുസ്‌ലിയാർ, വെളിമുക്ക് കെ.ടി. മുഹമ്മദ് കുട്ടി മുസ്‌ലിയാർ, ചാലിയം പി. അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, എം.എം. ബഷീർ മുസ്‌ലിയാർ, ശൈഖ് ഹസൻ ഹസ്‌റത്ത്, അബൂബക്കർ ഹസ്രത്ത്, കെ.കെ. ഹസ്രത്ത്, മുസ്തഫ ആലിം എന്നിവരായിരുന്നു പ്രധാന ഗുരുനാഥൻമാർ.

1992-ലാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായത്. 1991 മുതൽ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് അംഗം, സമസ്ത കാസർകോട് ജില്ലാ മുശാവറ അംഗം, എസ്‌വൈഎസ് സംസ്ഥാന കൗൺസിൽ അംഗം, സമസ്ത കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി, എസ്എംഎഫ് മഞ്ചേശ്വരം മണ്ഡലം ചെയർമാൻ, 1974 മുതൽ സമസ്ത കാസർകോട് താലൂക്ക് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!