KSDLIVENEWS

Real news for everyone

ഇറാനിൽ 2000 മരണമെന്ന്‌ സർക്കാർ: 12000 എന്ന് അനൗദ്യോഗിക വിവരം; പ്രതിഷേധക്കാരെ കുറ്റപ്പെടുത്തി സർക്കാർ

SHARE THIS ON

ടെഹ്‌റാൻ: ഇറാനിൽ ആയത്തുള്ള അലി ഖമേനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 2,000 പേർ മരിച്ചതായി വിവരം. ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് ഈ കണക്കുകൾ ഉള്ളത്. ഉദ്യോഗസ്ഥൻ നൽകുന്ന വിവരം അനുസരിച്ച്, പ്രതിഷേധങ്ങളുടെ ഭാഗമായി ഇതുവരെ ഇറാനിൽ ഏകദേശം 2,000 പേർ മരിച്ചിട്ടുണ്ട്. ഈ മരണങ്ങൾക്ക് ‘ഭീകരവാദികൾ’ ആണ് കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു. മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും ഇതുവരെ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണ് ഇത്.

അതേസമയം, ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളിൽ ഇറാനിയൻ സുരക്ഷാ സേന ഏകദേശം 12,000 പേരെ കൊലപ്പെടുത്തിയെന്നും ഇത് ഇറാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണെന്നും ഇറാൻ ഇന്റർനാഷണൽ എന്ന വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ നൂറുകണക്കിന് മാത്രമാണെന്നും, എന്നാൽ ഇറാനിലെ കടുത്ത വിവരനിയന്ത്രണങ്ങൾ കാരണം സ്വതന്ത്രമായി ഈ കണക്കുകൾ സ്ഥിരീകരിക്കാൻ ബുദ്ധിമുട്ടാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇറാൻ ഇന്റർനാഷണലിന്റെ റിപ്പോർട്ട് അനുസരിച്ച്, ജനുവരി എട്ട്, ഒമ്പത് തീയതികളിലാണ് കൂട്ടക്കൊലകൾ പ്രധാനമായും നടന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, ബസിജ് സേന എന്നിവരായിരുന്നു ഈ ക്രൂരകൃത്യത്തിന് പിന്നിൽ. പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുള്ള ‘അപ്രതീക്ഷിതമായ’ ഏറ്റുമുട്ടലുകൾ ആയിരുന്നില്ല ഇവയെന്നും, മറിച്ച് സംഘടിതവും ചിട്ടയുമായ കൂട്ടക്കൊലയാണ് നടന്നതെന്നും അവർ ആരോപിക്കുന്നു.

ഈ ഓപ്പറേഷന്റെ പിന്നിൽ അലി ഖമേനിയുടെ നേരിട്ടുള്ള ഉത്തരവുണ്ടെന്നും ഇറാനിയൻ രാഷ്ട്രീയ സംവിധാനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയും അംഗീകാരത്തോടെയുമാണ് ഇത് നടന്നതെന്നുമുള്ള അവകാശവാദം ഇറാൻ ഇന്റർനാഷണൽ ഉന്നയിച്ചു. പ്രതിഷേധക്കാർക്ക് നേരെ വെടിയുണ്ടകൾ ഉപയോഗിക്കാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അനുമതി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. തങ്ങൾ പുറത്തുവിട്ട 12,000 മരണസംഖ്യ, ഇറാന്റെ സ്വന്തം സുരക്ഷാ സ്ഥാപനങ്ങളുടെ ആഭ്യന്തര കണക്കുകളുമായി അടുത്തുനിൽക്കുന്നതാണ് എന്നും ഇറാൻ ഇന്റർനാഷണൽ വ്യക്തമാക്കി.

സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ, പ്രസിഡന്റ് ഓഫീസ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും ജീവനക്കാർ, നേരിട്ട് കണ്ട സാക്ഷികൾ എന്നിവരിൽനിന്നും ലഭിച്ച വിവരങ്ങൾ വിവിധ ഉറവിടങ്ങളിൽനിന്ന് ക്രോസ് ചെക്ക് ചെയ്താണ് ഈ കണക്ക് തയ്യാറാക്കിയതെന്നും അവർ പറഞ്ഞു. ‘ഈ ഡാറ്റ കർശനമായ പ്രൊഫഷണൽ മാനദണ്ഡങ്ങൾ പാലിച്ച് വിവിധ ഘട്ടങ്ങളിലൂടെ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് പ്രസിദ്ധീകരിച്ചത്.’ അവർ കൂട്ടിച്ചേർത്തു.

മരിച്ചവരിൽ ഭൂരിഭാഗം ആളുകളും 30 വയസ്സിൽ താഴെയുള്ളവരാണെന്നും ഇറാൻ ഇന്റർനാഷണൽ അവരുടെ റിപ്പോർട്ടിൽ പറയുന്നു. വിവരങ്ങൾ സ്ഥിരീകരിക്കാൻ സമയമെടുത്തുവെന്നും ദേശീയ ഇന്റർനെറ്റ് ബ്ലാക്ക്ഔട്ട് കാരണമാണ് അവ പ്രസിദ്ധീകരിക്കാൻ കാലതാമസം നേരിട്ടതെന്നും അവർ വ്യക്തമാക്കി. മാധ്യമങ്ങളെ നിശബ്ദമാക്കുകയും, മാധ്യമപ്രവർത്തകരെയും സാക്ഷികളെയും ഭീഷണിപ്പെടുത്തുകയും ആശയവിനിമയത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത് സുരക്ഷാ നിയന്ത്രണം നിലനിർത്താൻ വേണ്ടിമാത്രമല്ല, കൂട്ടക്കൊലകളുടെ വ്യാപ്തി മറച്ചുവെക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് അവർ പറഞ്ഞു.

ഞായറാഴ്ചയോടെ, കൂടുതൽ തെളിവുകൾ ലഭിച്ചുവെന്നും അവ വിവിധ ഉറവിടങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുമായി ഒത്തുപോയെന്നും അതികൊണ്ടുതന്നെ കൂടുതൽ വിശ്വസനീയമായ ഒരു ഏകദേശ കണക്ക് പുറത്തുവിടാൻ സാധിച്ചുവെന്നും അവർ പറയുന്നു.

മഷദ്, കെർമാൻഷാ, ഇസ്ഫഹാൻ നഗരങ്ങളിലെ ഉറവിടങ്ങളിൽനിന്നും ഇരകളുടെ കുടുംബങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും മൊഴികളിൽനിന്നും ലഭിച്ച വിവരങ്ങൾ ബഹുമുഖ പ്രക്രിയയിലൂടെ തങ്ങളുടെ എഡിറ്റോറിയൽ ബോർഡ് അവലോകനം ചെയ്തതായും അവർ കൂട്ടിച്ചേർത്തു. 

ഇറാനിലെ മുൻകാല പ്രതിഷേധങ്ങളിലും അടിച്ചമർത്തലുകളിലും അധികാരികൾ ഔദ്യോഗിക മരണസംഖ്യ മറച്ചുവെക്കുകയോ തിരുത്തുകയോ ചെയ്തിട്ടുള്ളതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ‘ഇസ്ലാമിക് റിപ്പബ്ലിക്കിന് ഇറാനിലെ ജനങ്ങളെ ലോകത്തിൽനിന്ന് മാറ്റിനിർത്തുന്നതിലൂടെ ഈ കുറ്റം മറച്ചുവെക്കാൻ കഴിയില്ല. സത്യം രേഖപ്പെടുത്തും. കൊല്ലപ്പെട്ടവരുടെ പേരുകൾ നിശബ്ദതയിൽ മാഞ്ഞുപോവില്ല.’ ഇറാൻ ഇന്റർനാഷണൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!