പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെ-മുഖ്യമന്ത്രി

ഉപ്പള (കാസർകോട്): പൗരത്വനിയമം കേരളത്തിൽ നടപ്പാക്കില്ല എന്നു പറഞ്ഞാൽ നടപ്പാക്കില്ല എന്നുതന്നെയാണ് അർഥമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘കോവിഡ് വാക്സിനേഷൻ കഴിഞ്ഞാൽ പൗരത്വഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് ബിജെപിയുടെ കേന്ദ്രങ്ങളിൽ നിന്ന് ഇപ്പോൾ പറയുന്നുണ്ട്. ആഭ്യന്തര മന്ത്രി തന്നെയാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത്. തങ്ങൾ ഒരു നിലപാട് എടുത്തിട്ടുണ്ട്. കേരളത്തിൽ ഇതിനെ അനുകൂലിക്കില്ല. അതിന്റെ കൂടെ നിൽക്കുകയുമില്ല. നടപ്പാക്കുകയുമില്ല’ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരുകൾക്ക് എങ്ങനെ നടപ്പാക്കാതിരിക്കാനാകുമെന്ന് ചിലർ ചോദിച്ചിരുന്നു. നടപ്പാക്കില്ല എന്നു പറഞ്ഞാൽ നടപ്പാക്കില്ല എന്നു തന്നെയാണ്. ഇപ്പോൾ നടപ്പാക്കിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. എൽഡിഎഫ് വടക്കൻ മേഖല പ്രചരണ ജാഥ കാസർകോട് ഉപ്പളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
വർഗീയമായി ആളുകളെ വികാരം കൊള്ളിച്ച് വികസന പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അത് നാടിന് ഗുണം ചെയ്യില്ല. വർഗീയത നാടിന് ആപത്താണ്. വർഗീയതയെ പൂർണമായും തൂത്തുമാറ്റണം.
ഏറ്റവും കടുത്ത വർഗീയത ആർഎസ്എസാണ് സ്വീകരിക്കുന്നത്. ആർഎസ്എസ് ഉയർത്തുന്ന വർഗീയത നേരിടാനെന്ന മട്ടിൽ എസ്ഡിപിഐയെ പോലുള്ള ചിലർ വർഗീയ നിലപാടുകൾ സ്വീകരിക്കുന്നുണ്ട്. അത് ആത്മഹത്യാപരമാണ്. ന്യൂനപക്ഷ സംരക്ഷണമെന്നത് സ്വയം സംഘടിച്ച് വർഗീയ ശക്തികളെ നേരിടാനാകുന്ന ഒന്നല്ല. അത് ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നടപ്പാക്കേണ്ട ഒരു കാര്യമാണ്. അതിലൂടെ മാത്രമേ യഥാർത്ഥ ന്യൂനപക്ഷ സംരക്ഷണം നടക്കാപ്പാക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഇന്ന് രാജ്യത്തിന് മാതൃകയാണ് അതിന് കാരണം ഇടതുപക്ഷത്തിന്റെ കരുത്താണ്. വർഗീയമായി ആളുകളെ വേർതിരിക്കാൻ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ആർഎസ്എസിന്റെ അതേ പണി തന്നെയാണ് ചെയ്യുന്നത്. രണ്ടും വർഗീയത ശക്തിപ്പെടുത്തുകയാണ്. ഈ എല്ലാ ശക്തികളും എൽഡിഎഫിന് എതിരാകുന്നത് തങ്ങൾ വർഗീയതയ്ക്കെതിരെ ആയതുകൊണ്ടാണ്.
ബിജെപി ഒരുക്കുന്ന കാര്യങ്ങൾക്ക് സംഭാവന ചെയ്യാൻ എന്തൊരു താത്പര്യമാണ് കോൺഗ്രസ് നേതാക്കൾക്ക് എന്ന് ഓർക്കണം. ഒരു എംഎൽഎ സംഭാവനയുമായി അങ്ങോട്ടു ചെന്നു. വർഗീയതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ് ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

