ധാര്‍ഷ്ട്യത്തോടെയുള്ള താക്കീത് കൊണ്ടെന്നും കാര്യമില്ല; ആക്രമണം പുനരാരംഭിക്കുമെന്ന മുന്നറിയിപ്പ് തള്ളി ഹമാസ്

ഗസ്സ: ഗസ്സക്കു നേരെ വീണ്ടും യുദ്ധസന്നാഹവുമായി ഇസ്രായേല്‍ നിലയുറപ്പിച്ചിരിക്കെ, വെടിനിർത്തല്‍ കരാർ നിലനിർത്താൻ മധ്യസ്ഥ രാജ്യങ്ങള്‍ തീവ്രശ്രമത്തില്‍.
ട്രംപിൻറെ ഗസ്സ പദ്ധതി തള്ളുന്നതായി ഈജിപ്തും ജോർദാനും. വെസ്റ്റ് ബാങ്കിലെ നൂർ ശംസ് ക്യാമ്ബില്‍ നിന്ന് ഫലസ്തീനികളെ പുറന്തള്ളാനൊരുങ്ങി ഇസ്രായേല്‍.
ശനിയാഴ്ച എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിക്കുമെന്ന അമേരിക്കയുടെയും ഇസ്രായേലിൻറെയും മുന്നറിയിപ്പ് തള്ളി ഹമാസ്. ധാർഷ്ട്യത്തോടെയുള്ള താക്കീത് കൊണ്ടെന്നും കാര്യമില്ലെന്നും ആദ്യഘട്ട വെടിനിർത്തല്‍ കരാർ വ്യവസ്ഥകള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും പ്രസ്താവനയില്‍ ഹമാസ് ഓർമിപ്പിച്ചു. 15 മാസത്തിലേറെ നീണ്ട കൊടിയ ആക്രമണത്തെ നേരിട്ട ഫലസ്തീൻ ജനത സ്വന്തം മണ്ണും അസ്തിത്വവും നിലനിർത്താൻ അധിനിവേശവിരുദ്ധ പോരാട്ടം ശക്തമായി തുടരും. ഗസ്സയില്‍ നിന്ന് ഫലസ്തീൻ ജനതയെ പുറന്തള്ളാൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും ഹമാസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കരാർ വ്യവസ്ഥ പ്രകാരം ശനിയാഴ്ച മൂന്ന് ബന്ദികളെ കൈമാറാൻ ഹമാസിനെ പ്രേരിപ്പിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണാൻ മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും നീക്കം ഊർജിതമാക്കി. ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തില്‍ ഹമാസ് സംഘം കൈറോയിലുണ്ട്. ഇസ്രായേലും അമേരിക്കയുമായും മധ്യസ്ഥ രാജ്യങ്ങള്‍ തിരക്കിട്ട ആശയവിനിമയം തുടരുകയാണ്. ഗസ്സക്കു നേരെ ആക്രമണം പുനരാരംഭിക്കാനുള്ള സാധ്യത മുൻനിർത്തി റിസർവ് സൈനികരോട് ഉടൻ ജോലിയില്‍ പ്രവേശിക്കാൻ ഇസ്രായേല്‍ ആവശ്യപ്പെട്ടു.
ഗസ്സ പിടിച്ചെടുക്കാനും ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിർദേശം തള്ളി ജോർഡൻ, ഈജിപ്ത് ഭരണാധികാരികള്‍. ഫലസ്തീനികളെ ഗസ്സയില്‍ നിലനിർത്തിയുള്ള പുനർ നിർമാണമാണ് വേണ്ടതെന്ന് ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനും ഈജിപ്ത് പ്രസിഡൻറ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയും വ്യക്തമാക്കി.ഈജിപ്ത് പ്രസിഡൻറ് തൻറെ യുഎസ് യാത്ര മാറ്റിവെച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ അതിക്രമം വ്യാപിപ്പിച്ച് ഇസ്രായേല്‍. നാലു ദിവസമായി ഉപരോധത്തിലുള്ള നൂർ ശംസ് അഭയാർഥി ക്യാമ്ബിലുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. നബ്ലുസ്, ബെത്ലഹേം, തുബാ എന്നിവിടങ്ങളിലും ഇസ്രായേല്‍ സേനയുടെ അതിക്രമം നടന്നു.

