രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,13,33,728 കടന്നു ;
24 മണിക്കൂറിനിടെ 24,882 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 140 മരണവും

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 24,882 പേർക്ക്. 140 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,13,33,728 ആയി ഉയർന്നു. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ഉയർന്നു വരികയാണ്. മഹാരാഷ്ട്ര, കേരളം, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 85.6ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.
മഹാരാഷ്ട്രയിലെ കോവിഡ് കോസുകൾ വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം നിതി ആയോഗ് അംഗം ഡോ.വി.കെ.പോൾ അഭിപ്രായപ്പെട്ടിരുന്നു. വെള്ളിയാഴ്ച 15,817 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 56 പേർ മരിച്ചിരുന്നു. നിലവിൽ 1,10,485 സജീവകേസുകളാണ് സംസ്ഥാനത്ത് ഉളളത്. അഞ്ചുമാസങ്ങൾക്കുശേഷമാണ് സംസ്ഥാനത്ത് ഒറ്റദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,000-ത്തിലധികമാകുന്നത്. നാഗ്പുരിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ വെള്ളിയാഴ്ച പനവേലിലും പർഭനിയിലും അതത് മുനിസിപ്പൽ കോർപ്പറേഷനുകൾ ലോക്ഡൗൺ പ്രഖ്യാപിച്ചു.
പുണെയിൽ ലോക്ഡൗൺ ഇല്ലെങ്കിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. പർഭനിയിൽ വെള്ളിയാഴ്ച അർധരാത്രിമുതൽ തിങ്കളാഴ്ച രാവിലെ ആറുവരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസേവനങ്ങൾക്ക് മാത്രമാണ് ഇളവുള്ളത്. പനവേലിൽ വെള്ളിയാഴ്ചമുതൽ മാർച്ച് 22 വരെയാണ് ലോക്ഡൗൺ. ഇവിടെ രാത്രി 11 മുതൽ രാവിലെ അഞ്ചുവരെ രാത്രി കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്കൂൾ, കോളേജുകൾക്ക് മാർച്ച് 22 വരെ തുറക്കരുതെന്ന് നിർദേശം ലഭിച്ചു. എന്നാൽ ഇതിൽനിന്നും 10, 12 ക്ലാസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഇവർക്കുള്ള പരീക്ഷ അടുത്തമാസം തുടങ്ങുന്ന സാഹചര്യത്തിലാണിത്. പുണെയിൽ സ്കൂൾ, കോളേജുകൾക്ക് മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിരിക്കയാണ്. ഹോട്ടലുകളും റെസ്റ്റോറന്റുകളും രാത്രി 10 വരെ മാത്രമേ പ്രവർത്തിക്കാവൂ. എന്നാൽ ഭക്ഷണപ്പൊതി വിതരണം രാത്രി 11 വരെ നടത്താം. 50 ശതമാനം ആളുകളെ മാത്രമേ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്നും നിർദേശമുണ്ട്.
പാൽഘറിലെ ഒരു റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികളും അധ്യാപകരുമടക്കം 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഈ പ്രദേശത്തെത്തന്നെ ഭീതിയിലാഴ്ത്തി. സംസ്ഥാനത്ത് ഈ രീതിയിൽ കോവിഡ് വ്യാപിച്ചാൽ സമീപഭാവിയിൽത്തന്നെ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നു.
കോവിഡ് വ്യാപനം തടയുന്നതിനായി പുണെയിലെ റെസ്റ്റോറന്റുകൾ, ബാറുകൾ, പൊതു ഉദ്യാനങ്ങൾ, ഹാളുകൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനും ജില്ലയുടെ ഗാർഡിയൻ മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടാനും അവ കർശനമായി നടപ്പാക്കാനും തീരുമാനിച്ചു.
മാർച്ച് 31 വരെ സ്കൂളുകളും കോളേജുകളും പൂർണമായും അടച്ചിടാനും ഹോട്ടലുകൾ രാത്രി 10 മണിക്ക് അടച്ചിടാനും തീരുമാനിച്ചതായി ഡിവിഷണൽ കമ്മിഷണർ സൗരഭ് റാവു അറിയിച്ചു. രാത്രി 11 മുതൽ രാവിലെ ആറുവരെ ഏർപ്പെടുത്തിയ രാത്രി കർഫ്യൂവും നീട്ടി.
പുണെ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള എല്ലാ ഗാർഡനുകളും വൈകുന്നേരം അടച്ചിടും. വിവാഹം, ശവസംസ്കാരം, മറ്റ് ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാൻ 50 പേർക്ക് മാത്രമേ അനുവാദമുള്ളൂ. ഇത് ലംഘിച്ചാൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും ഹാൾ സീൽ ചെയ്യുകയും ചെയ്യും. രാത്രി 11 മുതൽ രാവിലെ ആറുവരെ യാത്രയ്ക്ക് പൂർണ നിയന്ത്രണമുണ്ടാകും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷനിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു.
കോർപ്പറേഷൻ പ്രദേശത്തെ എല്ലാ ഉദ്യാനങ്ങളും മാർച്ച് 31 വരെ അടച്ചിടുമെന്ന് മുനിസിപ്പൽ കമ്മിഷണർ രാജേഷ് പാട്ടീൽ പറഞ്ഞു. പുണെ ജില്ലയിൽ 24 മണിക്കൂറിൽ ജില്ലയിൽ 2,840 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 4,28,344 ആയി.
ഡൽഹിയിലെ പ്രതിദിന കോവിഡ് രോഗികലുടെ എണ്ണവും കുതിച്ചുയരുകയാണ്. വെള്ളിയാഴ്ച 431 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനമായി ഉയരുകയുംചെയ്തു.രണ്ടുപേർകൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ, കോവിഡ് മരണസംഖ്യ 10,936 ആയി ഉയർന്നു. വ്യാഴാഴ്ച 409 പേർക്കായിരുന്നു കോവിഡ്. വെള്ളിയാഴ്ച അത് 431 ആയി ഉയർന്നത് പ്രതിദിനരോഗികൾ വീണ്ടും ഉയരുന്നതിന്റെ ലക്ഷണമായി. മൊത്തം രോഗബാധിതർ 6.42 ലക്ഷമായി ഉയർന്നു.
കർണാടകയിൽ പുതിയ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രതിരോധനടപടികൾ ഊർജിതമാക്കി. കേരളവും മഹാരാഷ്ട്രയുമായി അതിർത്തിപങ്കിടുന്ന ജില്ലകളിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനം. കോവിഡ് ബാധിക്കുന്നവരുമായി സമ്പർക്കത്തിൽവരുന്ന 20 പേരെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പുതിയ നിർദേശം. നേരത്തേ ഇത് പത്തുപേരെയെന്നായിരുന്നു. സംസ്ഥാനത്ത് വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ ആളുകൾ കൂടുന്നതിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ പുതിയ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു.
ഇതനുസരിച്ച് തുറസായ സ്ഥലങ്ങളിൽ നടക്കുന്ന വിവാഹച്ചടങ്ങുകളിൽ ഒരാൾക്ക് 3.25 ചതുരശ്രമീറ്റർ സ്ഥലമെന്ന വിധത്തിൽ പരമാവധി 500 പേർക്ക് പങ്കെടുക്കാനാണ് അനുവാദം.ഇത് ഹാളിലാണെങ്കിൽ 200 പേർക്കേ പങ്കെടുക്കാൻ കഴിയൂ. ജന്മദിന പാർട്ടിക്കാണെങ്കിൽ തുറസായസ്ഥലത്ത് 100 പേരെയും അടഞ്ഞ സ്ഥലങ്ങളിൽ 50 പേരെയുമായി പരിമിതപ്പെടുത്തിയതായി അഡീഷണൽ ചീഫ് സെക്രട്ടറി ജാവേദ് അക്തർ വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിൽ പറയുന്നു.
മരണാനന്തരച്ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി. മറ്റെല്ലാ കൂടിച്ചേരലുകൾക്കും പരമാവധി 100 പേരെ മാത്രമേ അനുവദിക്കൂ.മതസംഘടനകളുടെ പരിപാടികൾക്കും രാഷ്ട്രീയസംഘടനകളുടെ പരിപാടികൾക്കും തുറസായ സ്ഥലങ്ങളിൽ 500 പേരെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ

