KSDLIVENEWS

Real news for everyone

മാല കടം ചോദിച്ചു, തരില്ലെന്ന് പറഞ്ഞ് ഒഴി‍‍ഞ്ഞുമാറി: ബന്ധുവായ പെൺകുട്ടിയെ കൊല്ലാനും അഫാൻ ലക്ഷ്യമിട്ടു

SHARE THIS ON

തിരുവനന്തപുരം: ബന്ധുവായ പെൺകുട്ടിയെയും പിതൃമാതാവിനെയും കൊലപ്പെടുത്തിയ ശേഷം സ്വർണം തട്ടിയെടുക്കാനാണു വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നു സൂചന. പെൺകുട്ടിയുടെ മാല തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമീപിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. കടമായി മാല വേണമെന്നും ക്ലാസ് കഴി‍ഞ്ഞ് നെടുമങ്ങാട് വഴി വന്നാൽ മതിയെന്നു പറഞ്ഞെങ്കിലും കടം നൽകാൻ പറ്റില്ല എന്നറിയിച്ച് പെൺകുട്ടി ഒഴി‍‍ഞ്ഞു മാറുകയായിരുന്നു.

മാതാവ് ഷെമിയെക്കൊണ്ടും പെൺകുട്ടിയിൽനിന്ന് മാല വാങ്ങാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് താഴെ പാങ്ങോട് താമസിക്കുന്ന പിതൃമാതാവ് സൽമാബീവിയുടെ മാല തട്ടിയെടുക്കാൻ അഫാൻ ലക്ഷ്യമിട്ടത്. കടബാധ്യത വർധിച്ചതോടെ പിതാവിന്റെ ബന്ധുക്കൾ തുടർച്ചയായി ഷെമിയെ കുറ്റപ്പെടുത്തുന്നതു ചൊടിപ്പിച്ചിരുന്നുവെന്നും അഫാൻ പൊലീസിനു മൊഴി നൽകി. രണ്ടാംഘട്ട തെളിവെടുപ്പ് പൂർത്തിയാക്കിയതിനെ തുടർന്ന് അഫാനെ ഇന്നലെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. അടുത്ത കേസിന്റെ തെളിവെടുപ്പിനായി വെള്ളിയാഴ്ച കസ്റ്റഡിയിൽ വാങ്ങാനാണ് വെഞ്ഞാറമൂട് പൊലീസിന്റെ തീരുമാനം.

വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഷെമി ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്നാണ് നടപടി. തുടർചികിത്സ വേണ്ട ഷെമിയെ, വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന അഗതി മന്ദിരത്തിലേക്കു മാറ്റി. മകനും വെ‍ഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയുമായ അഫാൻ ഗുരുതരമായി ആക്രമിച്ചു പരുക്കേൽപിച്ചതിനെ തുടർന്നാണു ഷെമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷെമിയുടെ ഭർത്താവ് അബ്ദുൽ റഹിം, ഷെമിയുടെ മറ്റു ബന്ധുക്കൾ തുടങ്ങിയവർ ആശുപത്രിയിൽ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!