KSDLIVENEWS

Real news for everyone

സമ്പാദ്യ കുടുക്കയിലെ നാണയത്തുട്ടുകൾ ഡയാലിസിസ് ചാലഞ്ചിലേക്ക് നൽകി ആറുവയസ്സുകാരൻ

SHARE THIS ON

കാഞ്ഞങ്ങാട്: ഏകദേശം ഒരു വർഷത്തോളമായി സമ്പാദ്യ കുടുക്കയിൽ സ്വരൂപിച്ച നാണയത്തുട്ടുകൾ  ചിത്താരി ഡയാലിസിസ് സെന്ററിന് നൽകി മാതൃകയായിരിക്കുകയാണ് മുക്കൂടിലെ  ആറുവയസ്സുകാരൻ. നിരവധി വൃക്ക രോഗികൾ ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുന്ന ചിത്താരി ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തെ കുറിച്ച് മാതാപിതാക്കളിൽ നിന്നും കേട്ടറിഞ്ഞ് രോഗികളുടെ പ്രയാസങ്ങളും പരാധീനതകളും ഹാമിറിന്റെ കുരുന്ന് മനസ്സിനെ നൊമ്പരപ്പെടുത്തി.

ചിത്താരി ഡയാലിസിസ് സെന്ററിന് വേണ്ടി  ഡയാലിസിസ് ചലഞ്ചിലൂടെ  ജനങ്ങൾ കൈകോർക്കുന്നതും അവൻ അറിഞ്ഞു. ഇവർക്ക് വേണ്ടി തന്നാലായത് ചെയ്യണമെന്നു ഉറച്ച് തനിക്ക് കിട്ടുന്ന നാണയ തുട്ടുകൾ സ്വരൂപിച്ചു വയ്ക്കാൻ തുടങ്ങി. മാതാപിതാക്കളും മകന്റെ സത്കർമത്തിനു  അകമഴിഞ്ഞ പ്രോത്സാഹനം നൽകി. മിഠായി പോലും വാങ്ങാതെ കിട്ടുന്ന പണമെല്ലാം സമ്പാദ്യ പെട്ടിയിൽ നിക്ഷേപിച്ചു. പണപ്പെട്ടി നിറഞ്ഞപ്പോൾ ഹാമിറിന്റെ ഉമ്മ ചിത്താരി ഡയാലിസിസ് സെന്ററിൽ വിളിച്ച് അറിയിക്കുകയായിരുന്നു.

മുക്കൂട് കാരയിൽ ബഷീറിൻ്റെയും ഹസീനയുടെയും മകൻ മുഹമ്മദ് ഹാമിറാണ് ഈ കൊച്ചു മിടുക്കൻ. കുണിയ എമിൻ ഇന്റർനാഷണൽ അക്കാദമിയിലെ യു കെ ജി വിദ്യാർഥിയാണ്. സഹായി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷരീഫ്  മിന്നയുടെ സാന്നിധ്യത്തിൽ ചിത്താരി ഡയാലിസിസ് സെന്റർ അഡ്മിനിസ്ട്രേറ്റർ ഷാഹിദ് പി വി മുഹമ്മദ് ഹാമിറിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി.  ഇഖ്ബാൽ  കൂളിക്കാട്, ശിഹാബ് തായൽ എന്നിവർ സംബന്ധിച്ചു.


photo; സമ്പാദ്യ കുടുക്കയിൽ സ്വരൂപിച്ച നാണയത്തുട്ടുകൾ ചിത്താരി ഡയാലിസിസ് സെന്റർ അഡ്മിനിസ്ട്രേറ്റർ ഷാഹിദ് പി വി മുഹമ്മദ് ഹാമിറിൽ നിന്നും ഏറ്റുവാങ്ങുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!