അനധികൃത ഫ്ലെക്സ് ബോർഡുകൾ നിയമവിരുദ്ധം: എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ അനധികൃത ഫ്ലെക്സ് ബോർഡുകൾക്കെതിരെ സർക്കാരും ഹൈക്കോടതിയും ഇതുവരെ ഇറക്കിയ ഉത്തരവുകൾ കൃത്യമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്നും ഈ വിഷയത്തിൽ അന്തിമ ഉത്തരവ് പുറത്തിറക്കിക്കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച ഉത്തരവിൽ ആവർത്തിച്ചു.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് പിഴ ഈടാക്കുകയും ഇവ നീക്കം ചെയ്യുന്നതിനടക്കമുള്ള ചെലവ് ഈടാക്കുകയും വേണം. ഇത് സ്ഥാപിക്കുന്ന പരസ്യ ഏജൻസികൾക്കും മറ്റുമെതിരെയും നിയമനടപടി ഉണ്ടാവണം. സംസ്ഥാന പൊലീസ് മേധാവി നിയമലംഘനങ്ങളിൽ നടപടി സ്വീകരിക്കണം. നിരോധന ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. പ്രതിമാസ അവലോകന യോഗങ്ങള്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാര്‍ വിളിച്ചുചേര്‍ക്കുകയും ഇതിന്റെ റിപ്പോർട്ട് വകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കുകയും വേണം.
അനധികൃത ബോർഡുകളിൻമേൽ തിരഞ്ഞെടുപ്പ് കമ്മീഷനും മോട്ടോർ വാഹന വകുപ്പുമടക്കമുള്ളവർ കർശന നടപടിയെടുക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് സമയത്തും ഈ ഉത്തരവ് കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനും ഉറപ്പാക്കണം. ഉത്തരവിലെ കാര്യങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാക്കണം.
ഫ്ലെക്സ് നിരോധന ഉത്തരവുകള്‍ നടപ്പാക്കിയതിന് സര്‍ക്കാരിനെ അഭിനന്ദിച്ച ഹൈക്കോടതി, കേസ് വീണ്ടും ഏപ്രിൽ 12ന് പരിഗണിക്കുമെന്നും വ്യക്തമാക്കി. അനധികൃത ബോർഡുകളും മറ്റും സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബന്ധപ്പെടാനുള്ള വെബ്സൈറ്റുമായി ബന്ധപ്പെട്ട കാര്യത്തിൽ തദ്ദേശ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം. ഏപ്രിൽ 1 മുതൽ വെബ്സൈറ്റ് തയാറാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. പലവിധ നിക്ഷിപ്ത താത്പര്യക്കാരും തടസങ്ങൾ സൃഷ്ടിക്കുകയും വ്യക്തിപരമായ ആക്രമണങ്ങൾ പോലും നടത്തിയിട്ടും 2018 മുതൽ ഏറ്റെടുത്ത ഈ വിഷയത്തിൽ അസാധ്യമെന്ന് തോന്നുന്നതാണ് നേടിയിരിക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.
അനധികൃത ബോർഡുകളും ഫ്ലെക്സുകളും നീക്കം െചയ്യുന്നതിന് തുടക്കം കുറിച്ചതു വഴി സംസ്ഥാനം കൂടുതൽ വൃത്തിയും സൗന്ദര്യവുമുള്ളതായി മാറിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ഇനി സ്വന്തം ഉത്തരവുകളും സർക്കുലറുകളും കോടതിയുടെ ഉത്തരവുകളും നടപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.