KSDLIVENEWS

Real news for everyone

വൈദ്യുതിശേഷി തകർക്കുമെന്ന് ട്രംപ്; എങ്കിൽ മേഖലയിലെ വൈദ്യുതി ഗ്രിഡുകളെയാകെ ആക്രമിക്കുമെന്ന് ഇറാൻ

SHARE THIS ON

വാഷിങ്ടൻ/ടെഹ്‍റാൻ: സംഘർഷം രൂക്ഷമാക്കാൻ തീരുമാനിച്ചാൽ ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കാൻ തീരുമാനിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ അത് നടപ്പാക്കാൻ യുഎസിന് സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ‘ഞങ്ങൾക്ക് അവരുടെ വൈദ്യുതി ശേഷി ഒരു മണിക്കൂറിനുള്ളിൽ തകർക്കാൻ കഴിയും. അത് പുനർനിർമിക്കാൻ അവർക്ക് 25 വർഷമെടുക്കും. അതിനാൽ, അതൊരിക്കലും ചെയ്യാതിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ – ട്രംപ് പറഞ്ഞു. യുഎസിന്റെ സൈനിക നടപടികൾക്കു ശേഷം ഇറാൻ ദുർബലമായെന്നും അവർ തികച്ചും നശിപ്പിക്കപ്പെട്ടു എന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളെ ആക്രമിച്ചാൽ മേഖലയിലെ വൈദ്യുതി ഗ്രിഡുകളെയാകെ ആക്രമിച്ച് അര മണിക്കൂറിനുള്ളിൽ‌ ഇരുട്ടിലാക്കുമെന്നും സുരക്ഷ തേടി ഓടുന്ന അമേരിക്കൻ സൈനികരെ വേട്ടയാടാൻ ഈ ഇരുട്ട് ധാരാളം അവസരങ്ങൾ നൽകുമെന്നും ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പ്രതികരിച്ചു. ‘നിങ്ങളേക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. നിങ്ങളെത്തന്നെ ശ്രദ്ധിക്കുക, ഇല്ലാതാക്കപ്പെടാതിരിക്കാൻ’ – അലി ലാരിജാനി സമൂഹമാധ്യമത്തിൽ കുറിച്ചു. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ തടയാൻ ശ്രമിച്ചാൽ അമേരിക്ക ഇറാനെ ഇരുപത് മടങ്ങ് ശക്തമായി ആക്രമിക്കുമെന്നും മരണവും, തീയും അവരെ പിന്നീട് ഒരിക്കലും തിരിച്ചുവരാൻ കഴിയാത്തവിധം നശിപ്പിക്കുമെന്നും അത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!