KSDLIVENEWS

Real news for everyone

വാണിജ്യ സിലിണ്ടറിന് കരിഞ്ചന്തയിൽ വില 6000 രൂപ: വിവാഹം, ഇഫ്താർ ഓർഡറുകളടക്കം റദ്ദാക്കി തുടങ്ങി കേറ്ററിങ്ങുകാർ

SHARE THIS ON

മുംബൈ: നഗരത്തിലെ പകുതിയോളം ഹോട്ടലുകൾ അടച്ചതോടെ ഇതര സംസ്ഥാന തൊഴിലാളികൾ നാടുകളിലേക്കു മടങ്ങിത്തുടങ്ങി. വാണിജ്യ സിലിണ്ടറിന് കരിഞ്ചന്തയിൽ 5000 രൂപ വരെയാണ് ഈടാക്കുന്നത്. ഒരുവിഭാഗം ഹോട്ടലുകൾ കരി അടുപ്പുകളും ഇലക്ട്രിക് അടുപ്പുകളും ഉപയോഗിച്ച് പിടിച്ച് നിൽക്കാൻ ശ്രമിക്കുന്നുണ്ട്. ചിലർ വിഭവങ്ങൾ വെട്ടിക്കുറയ്ക്കുകയും 25 ശതമാനം വരെ വില വർധിപ്പിക്കുകയും ചെയ്തു.

ചെന്നൈ നഗരത്തിൽ മാത്രം മുന്നൂറോളം ഹോട്ടലുകൾ പൂട്ടി. ഇന്ധനക്ഷാമമുണ്ടാകുമെന്ന അഭ്യൂഹം പ്രചരിച്ചതോടെ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട ക്യൂ രൂപപ്പെട്ടു. മിക്ക സിഎൻജി പമ്പുകളിലും ‘നോ സ്റ്റോക്ക്’ ബോർഡുകൾ’ പ്രത്യക്ഷപ്പെട്ടു.

ബെംഗളൂരുവിൽ വാണിജ്യ സിലിണ്ടറിന്റെ വില കരിഞ്ചന്തയിൽ 6000 രൂപ കടന്നു. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ഇന്ദിരാ കന്റീനുകളുടെ പ്രവർത്തനത്തെ ക്ഷാമം ബാധിച്ചു. ഇഫ്താർ, നോമ്പുതുറ സംഗമങ്ങളിൽ വിഭവങ്ങൾ വെട്ടിച്ചുരുക്കി. ഗ്യാസ് ഏജൻസികൾക്കു മുന്നിൽ നീണ്ട ക്യൂ രൂപപ്പെട്ടു. രണ്ടാഴ്ച മുൻപ് ബുക്ക് ചെയ്തവർക്കു പോലും സിലിണ്ടർ ലഭിക്കാത്തത് തർക്കത്തിന് ഇടയാക്കി. വിതരണക്കാർ കൂടുതൽ തുക ആവശ്യപ്പെടുന്നതായും പരാതിയുണ്ട്.

കേറ്ററിങ് ഓർഡറുകൾ റദ്ദാക്കിത്തുടങ്ങി

വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ വിവാഹസൽക്കാരങ്ങൾക്കും ഇഫ്താർ വിരുന്നുകൾക്കുമുള്ള ഓർഡറുകൾ സ്വീകരിക്കുന്നതു നിർത്തിയെന്നും നിലവിലെ ഓർഡറുകൾ റദ്ദാക്കി തുടങ്ങിയെന്നും ഓൾ കേരള കേറ്ററിങ് അസോസിയേഷൻ. സംഘടനയുടെ മൂവായിരത്തിലേറെ അംഗങ്ങളിൽ വലിയൊരു വിഭാഗം പ്രവർത്തനം നിർത്തിയതായി സംസ്ഥാന പ്രസിഡന്റ് വി.സുനുകുമാറും ജനറൽ സെക്രട്ടറി എം.അർഷാദും പറഞ്ഞു.

പാചകവാതക ക്ഷാമം മൂലം ഹോസ്റ്റലുകൾ, വ്യവസായ സ്ഥാപനങ്ങളുടെ കന്റീനുകൾ എന്നിവയുടെ പ്രവർത്തനങ്ങളെല്ലാം മുടങ്ങുന്ന അവസ്ഥയിലാണ്. 19ന് കേരളത്തിലെ ദേവാലയങ്ങളിൽ സെന്റ്ജോസഫ് തിരുനാളിനോടനുബന്ധിച്ച് ആയിരങ്ങൾ പങ്കെടുക്കുന്ന ഊട്ടുതിരുനാൾ നടക്കുകയാണ്. ഇതിനുള്ള പാചകവും പലയിടത്തും പ്രതിസന്ധിയിലായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!