വണ്ടിയില്‍ നിന്ന് ഗ്യാസ് സിലിന്‍ഡര്‍ തെറിച്ചു വീണു; വീട്ടിലിരുന്ന അഞ്ചുവയസ്സുകാരന്റെ കാലൊടിഞ്ഞു

കോന്നി: ഗ്യാസ് ഏജൻസിയുടെ വാഹനത്തിൽനിന്ന് പാചകവാതക സിലിൻഡർ തെറിച്ചുവീണ് വീടിന്റെ സിറ്റൗട്ടിലിരുന്ന് പഠിക്കുകയായിരുന്ന അഞ്ചുവയസ്സുകാരന്റെ കാലൊടിഞ്ഞു. കോന്നി മരങ്ങാട് സോപാനത്തിൽ ബിജുകുമാറിന്റെ മകൻ രോഹിത്തിനാണ് ഈ ദുരനുഭവം. കോന്നി ഗവ.എൽ.പി.എസിലെ പ്രീ-പ്രൈമറി വിദ്യാർഥിയാണ്. തിങ്കളാഴ്ച 12.30-നാണ് സംഭവം. റോഡിന്റെ വശത്തെ താഴ്ന്ന ഭാഗത്താണ് രോഹിത്തിന്റെ വീട്. റോഡിലൂടെപോയ ഐ.ഒ.സി. ഗ്യാസ് ഏജൻസിയുടെ വാഹനത്തിൽനിന്നാണ് കാലിയായ സിലിൻഡർ തെറിച്ചുവീണത്. പുറകിലത്തെ ഡോർതുറന്ന് മൂന്ന് സിലിൻഡറുകൾ റോഡിൽവീണു. അതിലൊരണ്ണമാണ് തെറിച്ച് രോഹിത്തിന്റെ കാലിൽ പതിച്ചത്. സിലിൻഡർ പതിച്ച് സിറ്റൗട്ടിൽകിടന്ന മേശയും മറിഞ്ഞുവീണു. ഇളകൊള്ളൂരിലെ ഗ്യാസ് ഗോഡൗണിലേക്ക് സിലിൻഡറുകളെടുക്കാൻപോയ വാഹനം അമിത വേഗത്തിലായിരുന്നെന്ന് പറയുന്നു. രോഹിത്തിനെ കോന്നി താലൂക്കാശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോന്നി പോലീസ് കേസെടുത്തു.

