മൊഹാലിയിൽ ഫോട്ടോഫിനിഷ്! അവസാന ഓവറിൽ പഞ്ചാബ് വീണു, രാജസ്ഥാന് തകർപ്പൻ ജയം

ചണ്ഡീഗഢ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരേ ത്രസിപ്പിക്കുന്ന ജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ രാജസ്ഥാന് കഴിഞ്ഞെങ്കിലും മറുപടി അത്ര സുഖകരമായിരുന്നില്ല. അനിശ്ചിതത്വം നിറഞ്ഞ മിനിറ്റുകള്‍ക്കൊടുവില്‍, അവസാനം അര്‍ഷ്ദീപിനെ സിക്‌സിനു പറത്തി ഹെറ്റ്മയര്‍ രാജസ്ഥാന് വിജയമൊരുക്കുകയായിരുന്നു. ആദ്യം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് പഞ്ച് നഷ്ടപ്പെട്ട പ്രകടനമാണ് നടത്തിയത്. 20 ഓവര്‍ പിന്നിട്ടപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് മാത്രം. മറുപടി വിജയത്തിലെത്തിക്കാന്‍ രാജസ്ഥാന് 19.5 ഓവര്‍ വേണ്ടിവന്നു. ഏഴ് വിക്കറ്റുകളും ഇതിനിടെ നഷ്ടപ്പെട്ടു. ഇതോടെ മൂന്ന് വിക്കറ്റ് ജയം. 148 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ യശസ്വി ജയ്‌സ്വാളും തനുഷ് കോട്ടിയനും ചേര്‍ന്ന് നല്ല നിലയില്‍ത്തന്നെ മറുപടി നല്‍കിത്തുടങ്ങി. രാജസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നതുതന്നെ ഒന്‍പതാം ഓവറില്‍. ലിവിങ്സ്റ്റന്റെ പന്തില്‍ തനുഷ് കോട്ടിയന്‍ പുറത്താവുകയായിരുന്നു. മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 31 പന്തില്‍ 24 റണ്‍സോടെ തനുഷ് പുറത്താകുമ്പോള്‍ത്തന്നെ 56 റണ്‍സിലെത്തിയിരുന്നു ടീം. യശസ്വി ജയ്‌സ്വാളാണ് പിന്നീട് പുറത്തായത്. 28 പന്തില്‍ 39 റണ്‍സ് നേടിയ താരത്തെ കഗിസോ റബാദ ഹര്‍ഷല്‍ പട്ടേലിന്റെ കൈകളിലേക്ക് നല്‍കുകയായിരുന്നു. നാല് ഫോര്‍ ഉള്‍പ്പെടുന്നതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. 12-ാം ഓവറില്‍ ജയ്‌സ്വാള്‍ പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 82-ലെത്തിയിരുന്നു. 14-ാം ഓവറില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും മടങ്ങി. ഓരോന്നുവീതം സിക്‌സും ഫോറും സഹിതം 14 പന്തില്‍ 18 റണ്‍സ്. വിക്കറ്റിന് മുന്നില്‍ കുരുക്കി റബാദ തന്നെയാണ് ഇത്തവണയും കെണിയൊരുക്കിയത്. പിന്നീട് കാര്യമായ ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്നതും വിക്കറ്റുകള്‍ നഷ്ടപ്പെട്ടതും രാജസ്ഥാന് തിരിച്ചടിയാവുകയാണെന്ന് തോന്നിച്ചു. നാലാമതായി റിയാന്‍ പരാഗ് പുറത്തായി. 18 പന്തില്‍ 23 റണ്‍സ് നേടിയ പരാഗിനെ അര്‍ഷ്ദീപ് സിങ് റബാദയുടെ കൈകളിലെത്തിച്ചു. പിന്നാലെ ധ്രുവ് ജുറേല്‍ (11 പന്തില്‍ 6) പുറത്തായതോടെ രാജസ്ഥാന്‍ അപകടം മണത്തു. പിന്നീട് ഷിംറോണ്‍ ഹെറ്റ്മയര്‍ അവസാന ഓവറുകളില്‍ നടത്തിയ വമ്പനടികളിലൂടെ (10 പന്തില്‍ 27) രാജസ്ഥാന്‍ രക്ഷപ്പെട്ടു. മൂന്ന് സിക്‌സും ഒരു ഫോറും ചേര്‍ന്നതാണ് ഹെറ്റ്മയറുടെ ഇന്നിങ്‌സ്. റോവ്മാന്‍ പവല്‍ അഞ്ച് പന്തില്‍നിന്ന് 11 റണ്‍സ് നേടി. പഞ്ചാബിനുവേണ്ടി റബാദയും സാം കറനും രണ്ട് വീതം വിക്കറ്റ് നേടി. അര്‍ഷ്ദീപ് സിങ്, ലാം ലിവിങ്സ്റ്റണ്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. 16 പന്തില്‍ 31 റണ്‍സെടുത്ത അശുതോഷ് ശര്‍മയാണ് ടോപ് സ്‌കോറര്‍. കേശവ് മഹാരാജിന്റെയും ആവേശ് ഖാന്റെയും രണ്ട് വിക്കറ്റ് പ്രകടനമാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാനു പകരമായി ഓപ്പണിങ്ങില്‍ ഇറങ്ങിയ അഥര്‍വ തയ്‌ഡെയാണ് ആദ്യം പുറത്തായത്. നാലാം ഓവറില്‍ ആവേശ് ഖാന്റെ പന്തില്‍ കുല്‍ദീപ് സെന്നിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 12 പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെ 15 റണ്‍സാണ് നേടിയത്. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് നേടാനേ പഞ്ചാബിനായുള്ളൂ. പവര്‍ പ്ലേയില്‍ ഈ സീസണിലെ നാലാമത്തെ ചെറിയ സ്‌കോര്‍. സീസണിലെ ഏറ്റവും ചെറിയ പവര്‍ പ്ലേ സ്‌കോറും പഞ്ചാബിന്റെ പേരില്‍തന്നെ. പിന്നാലെ ഏഴാം ഓവര്‍ എറിയാനെത്തിയ യുസ്‌വേന്ദ്ര ചാഹല്‍ മൂന്നാം പന്തില്‍ തന്നെ പ്രഭ്‌സിമ്രാനെ പുറത്താക്കി. ഇതോടെ ബുംറയെ മറികടന്ന് ഐ.പി.എലിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താനായി. ധ്രുവ് ജുറേലിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. 14 പന്തില്‍ 10 റണ്‍സ്. എട്ടാം ഓവറില്‍ കേശവ് മഹാരാജ് വന്ന് ഓപ്പണര്‍ ബെയര്‍സ്‌റ്റോയെയും മടക്കി. ഹെറ്റ്മയറിന് ക്യാച്ചായാണ് പുറത്തായത്. നേടിയത് 19 പന്തില്‍ 15 റണ്‍സ്. ഒന്നിടവിട്ട ഓവറില്‍ കേശവ് മഹാരാജ് വീണ്ടുമെത്തി വിക്കറ്റ് നേടി. പത്താം ഓവറില്‍ ക്യാപ്റ്റന്‍ സാം കറനെയാണ് (ശിഖര്‍ ധവാനില്ലാത്തതിനാല്‍ സാം കറനായിരുന്നു ക്യാപ്റ്റന്‍) മടക്കിയത്. ധ്രുവ് ജുറേലിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ആറ് (10) റണ്‍സ്. ടീം സ്‌കോര്‍ 70-ല്‍ നില്‍ക്കേ, അഞ്ചാമനായി ശശാങ്ക് സിങ്ങും മടങ്ങി. കുല്‍ദീപ് സെന്നിന്റെ പന്തില്‍ ധ്രുവ് ജുറേലിന് ക്യാച്ച്. ഒന്‍പത് പന്തില്‍ ഒന്‍പത് റണ്‍സാണ് സമ്പാദ്യം. പിന്നീട് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും ലിവിങ്സ്റ്റണും ചേര്‍ന്ന് 33 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. 24 പന്തില്‍ 29 റണ്‍സ് നേടി ജിതേഷ് മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 103. ആവേശ് ഖാന്റെ പന്തില്‍ റിയാന്‍ പരാഗിന് ക്യാച്ചായാണ് പുറത്തായത്. ആവേശ് ഖാന്റെ രണ്ടാം വിക്കറ്റ്. പിന്നാലെ 14 പന്തില്‍ 21 റണ്‍സ് നേടി ലിവിങ്‌സ്റ്റണ്‍ റണ്ണൗട്ടായി മടങ്ങി. ചാഹലിന്റെ പന്തില്‍ ഡബിളിനു ശ്രമിക്കവേ പന്ത് കൈയില്‍ കിട്ടിയ സഞ്ജു സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഇംപാക്ട് പ്ലെയറായെത്തിയ അശുതോഷ് ശര്‍മ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 16 പന്തില്‍ 31 റണ്‍സെടുത്ത് അവസാനത്തെ പന്തില്‍ പുറത്തായി. ട്രെന്റ് ബൗള്‍ട്ടിന്റെ പന്തില്‍ കേശവ് മഹാരാജിന് ക്യാച്ചാവുകയായിരുന്നു. മറുതലക്കല്‍ ഹര്‍പ്രീത് ബ്രാര്‍ (3) പുറത്താവാതെ നിന്നു. രാജസ്ഥാനുവേണ്ടി ബോള്‍ട്ട്, കുല്‍ദീപ് സെന്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.