പ്രതിപക്ഷം പ്രതിക്കൂട്ടിൽ; മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് സർക്കാരിന്റെ രാഷ്ട്രീയ പ്രതിരോധം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ ആരോപണം കടുപ്പിച്ച പ്രതിപക്ഷത്തിനുനേരെ കേസിലൂടെ പ്രതിരോധം തീര്‍ത്ത് സര്‍ക്കാര്‍. ബ്രഹ്‌മപുരം തീപ്പിടിത്തപ്രശ്‌നത്തില്‍ പ്രതിഷേധയോഗത്തില്‍ നടത്തിയ പ്രസംഗത്തിന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ പേരില്‍ കലാപശ്രമത്തിന് കേസെടുത്തിരുന്നു. ഇത് ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് മോന്‍സന്‍ കേസില്‍ സുധാകരനെ പ്രതിയാക്കിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണത്തിനു പിന്നാലെയാണ് പ്രതിപക്ഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ അഴിമതി ആരോപണങ്ങളുയര്‍ത്തിത്തുടങ്ങിയത്. നിര്‍മിതബുദ്ധി ക്യാമറ പദ്ധതിയില്‍ അഴിമതി നടന്നുവെന്ന നിലയില്‍ ഇത് കടുപ്പിച്ചു. ഈ പദ്ധതിയില്‍ പങ്കാളിയായത് മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുള്ള കമ്പനിയാണെന്ന നിലയിലേക്ക് പ്രതിപക്ഷ ആരോപണം ശക്തിപ്പെട്ടു. കെ-ഫോണ്‍, ലോകകേരള സഭ എന്നിവയിലും സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയായിരുന്നു പ്രതിപക്ഷ നീക്കം. ഇതിനിടെയാണ് പ്രതിപക്ഷ നേതാക്കളുടെ പേരില്‍ കേസുകള്‍ വരുന്നത്. എസ്.എഫ്.ഐ. മുന്‍നേതാവ് കെ. വിദ്യയുടെ വ്യാജരേഖ കേസും സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്. വിദ്യയെ തള്ളിയെങ്കിലും സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെ നേരിടാനാണ് സി.പി.എം. തീരുമാനിച്ചത്. ആര്‍ഷോയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയെ കേസില്‍ പ്രതിയാക്കുകയും ചെയ്തു. സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ക്ക് വിലക്കിടാനുള്ള നീക്കമെന്നാണ് ഇതിനെ പ്രതിപക്ഷം വിശേഷിപ്പിച്ചത്. വിവിധ പദ്ധതികളില്‍ സര്‍ക്കാരിന്റെ വഴിവിട്ട നീക്കത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ലോകകേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ന്യൂയോര്‍ക്കിലുള്ള ഘട്ടത്തിലാണ് പ്രതിപക്ഷ നേതാക്കളുടെ പേരില്‍ കേസുണ്ടായത്. സതീശനെതിരായ പരാതിയില്‍ അന്വേഷണം വേഗത്തിലാക്കാനുള്ള നിര്‍ദേശം വിജിലന്‍സിന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ ആരോപണത്തോളം മൂര്‍ച്ച പ്രതിപക്ഷനേതാക്കള്‍ക്കെതിരേയുള്ള കേസില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ നീക്കം. അതിനെ പ്രാദേശിക തലത്തില്‍വരെ ചര്‍ച്ചയാക്കി രാഷ്ട്രീയമായി നേരിടാനാണ് പ്രതിപക്ഷത്തിന്റെയും തീരുമാനം.