അഴിമതി ആരോപണം; ബിജെപി നേതാവിനെതിരെ മാനനഷ്ടക്കേസ് നൽകി ശിവസേന എം.പി സഞ്ജയ് റാവത്ത്

മുംബൈ: അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കിരിത് സോമയ്യയ്‌ക്കെതിരെ മാനനഷ്ടക്കേസ് നൽകി ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവത്ത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ സോമയ്യ തനിക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതായി റാവത്ത് പറഞ്ഞു. മുളുന്ദ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കിരിത് സോമയ്യയുടെ 2022 ഓഗസ്റ്റ് ഒമ്പത്, ഓഗസ്റ്റ് 24, ജനുവരി 22, ജൂൺ 13 തീയതികളിലെ സോഷ്യൽമീഡിയ പോസ്റ്റുകൾ തന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സഞ്ജയ് റാവത്ത് പറയുന്നു. 100 കോടി രൂപയുടെ കോവിഡ് സെന്റർ അഴിമതിയിൽ തനിക്ക് പങ്കുണ്ടെന്നാണ് സോമയ്യയുടെ ട്വീറ്റുകളിലൊന്നിൽ ആരോപിക്കുന്നതെന്ന് റാവത്ത് ഹരജിയിൽ ചൂണ്ടിക്കാട്ടി.