KSDLIVENEWS

Real news for everyone

മോൻസണുമായി ബന്ധമില്ല, മനസാവാചാ അറിയാത്തകാര്യം’; മുഖ്യമന്ത്രി മൂഢസ്വർഗത്തിലെ കൂപമണ്ഡൂകമെന്ന് സുധാകരൻ

SHARE THIS ON

കൊച്ചി: മനസാ വാചാ അറിയാത്ത കേസാണ് തനിക്കെതിരേയുള്ളതെന്നും മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ താൻ എങ്ങനെ പ്രതിയായി എന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മോൻസൻ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കണ്ണിന്റെ ചികിത്സക്കായാണ് മോൻസന്റെ അടുത്ത് പോയതെന്നും കെ. സുധാകരൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോൻസൻ മാവുങ്കൽ കേസിൽ നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്നും കെ. സുധാകരൻ പറഞ്ഞു. കോഴിക്കോട്ട് ക്യാമ്പിൽ പങ്കെടുക്കേണ്ടതുണ്ടെന്നും അതുകാണിച്ച് കത്ത് കൊടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കൺതടത്തിലെ കറുപ്പ് നിറം മാറുന്നതിനുള്ള ചികിത്സക്കായാണ് മോൻസൻ മാവുങ്കലിന്റെ അടുത്തേക്ക് പോയത്. അയാൾ വ്യാജനാണെന്ന് അറിയില്ലായിരുന്നു. പിന്നീട് അയാൾക്കെതിരേ മാനനഷ്ടത്തിന് കേസുകൊടുക്കാൻ തീരുമാനിച്ചെങ്കിലും അയാളുടെ അപേക്ഷ പരിഗണിച്ച് കേസിന് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മോൻസന്റെ കൂടെയുണ്ടായിരുന്നവരെ അറിയില്ല. ഏതോ സിനിമാനടനും അവിടെയുണ്ടായിരുന്നു. ഞങ്ങൾ സംസാരിക്കുമ്പോൾ അല്പം മാറി മൂന്ന് പേര് സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവർ ആരാണെന്ന് അറിയില്ലെന്നും സുധാകരൻ പറഞ്ഞു. മോൻസൺ എവിടേയും തന്റെ പേര് പറഞ്ഞിട്ടില്ല. മോൻസൺ മാവുങ്കൽ കേസിൽ പ്രതിയാണെന്ന് തന്നെ ആരും അറിയിച്ചിട്ടില്ല. വെള്ളിയാഴ്ചയാണ് ക്രൈംബ്രാഞ്ചിൽ നിന്ന് നോട്ടീസ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിനെ നിയമപരമായി നേരിടും. മൂഢസ്വർഗത്തിലെ കൂപമണ്ഡൂകമാണ് മുഖ്യമന്ത്രി. കാലം കരുതിവെച്ചത് മുഖ്യമന്ത്രിയെ കാത്തിരിക്കുന്നു. കെ.പി.സി.സി പ്രസി‍ഡന്റിനെതിരേയും പ്രതിപക്ഷനേതാവിനെതിരേയുമെല്ലാം കേസെടുത്ത് തങ്ങളെ ഇരുത്തിക്കളയാമെന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. ജയിലിൽ കിടക്കേണ്ട മനുഷ്യനാണ് മുഖ്യമന്ത്രി ചമ‍ഞ്ഞ് നടക്കുന്നത്. കടൽ താണ്ടി വന്നരാണ് ഞങ്ങളൊക്കെ. ഇതൊക്കെ ഞങ്ങൾക്ക് കൈത്തോടാണ്. ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമൊന്നും ഇവിടെയില്ല, കെ. സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!