പുരാവസ്തുതട്ടിപ്പ് കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രതികള്‍; കെ.സുധാകരന് പങ്കില്ലെന്ന് മോന്‍സൺ

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പ് കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തു. ഐ.ജി. ഗുഗുലോത്ത് ലക്ഷ്മണ, മുന്‍ ഡി.ഐ.ജി. എസ്.സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേയാണ് വഞ്ചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. വ്യാജ പുരാവസ്തുക്കള്‍ ഉപയോഗിച്ച് പത്തുകോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരനെയും കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിരുന്നു. ഇതിനുപിന്നാലെയാണ് മോന്‍സനുമായി അടുത്തബന്ധമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും പ്രതികളായത്. പുരാവസ്തുതട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കല്‍ പ്രതിയായതോടെ ഇയാളുമായി ബന്ധമുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. മുന്‍ ഡി.ഐ.ജി. സുരേന്ദ്രന്‍, ഐ.ജി. ലക്ഷ്മണ എന്നിവര്‍ക്ക് മോന്‍സനുമായി അടുത്തബന്ധമുണ്ടെന്നായിരുന്നു ആരോപണം. സുരക്ഷാഉദ്യോഗസ്ഥനുമായി ഔദ്യോഗിക വാഹനത്തില്‍ ഐ.ജി. ലക്ഷ്മണ പലതവണ മോന്‍സന്റെ വീട്ടിലെത്തിയെന്ന് ഡി.ജി.പി.യുടെ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ പോലീസ് ക്ലബിലടക്കം മോന്‍സന്റെ പുരാവസ്തുവില്‍പ്പനയ്ക്ക് ഐ.ജി. ഇടനിലനിന്നതായും മോന്‍സനെതിരായ പരാതികളില്‍ ഇടപെട്ടതായും ആരോപണങ്ങളുണ്ടായി. മോന്‍സന്‍ കേസില്‍ ആരോപണവിധേയനായതോടെ ഐ.ജി. ലക്ഷ്മണയെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, 14 മാസത്തിന് ശേഷം ഐ.ജി.യുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തു. മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയത് മുന്‍ ഡി.ഐ.ജി. സുരേന്ദ്രന്റെ വീട്ടില്‍വെച്ചാണെന്ന് പരാതിക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. സുരേന്ദ്രന്റെ വീട്ടില്‍നടന്ന പാര്‍ട്ടിക്കിടെയാണ് പണം കൈമാറിയതെന്നായിരുന്നു പരാതിക്കാരുടെ വെളിപ്പെടുത്തല്‍. അതിനിടെ, തട്ടിപ്പ് കേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന് യാതൊരു പങ്കുമില്ലെന്ന് ഒന്നാംപ്രതി മോന്‍സന്‍ മാവുങ്കല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോളായിരുന്നു മോന്‍സന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി അടക്കം ഇടപെട്ട കേസാണിത്. കേസ് സി.ബി.ഐ. അന്വേഷിക്കട്ടെയെന്നും എല്ലാവിവരങ്ങളും ഇ.ഡിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മോന്‍സന്‍ പറഞ്ഞു