KSDLIVENEWS

Real news for everyone

ലൈംഗികാതിക്രമ പരാതി: സിസിടിവി ദൃശ്യം ആവശ്യപ്പെട്ട് 5 രാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് നോട്ടിസ്

SHARE THIS ON

ന്യൂഡൽഹി: റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ, സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും ആവശ്യപ്പെട്ട് അഞ്ച് രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകൾക്കു ഡൽഹി പൊലീസ് നോട്ടിസ് അയച്ചു.

ഇന്തൊനീഷ്യ, ബൾഗേറിയ, കിർഗിസ്ഥാൻ, മംഗോളിയ, കസഖ്സ്ഥാൻ രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകൾക്കാണു നോട്ടിസ് അയച്ചത്. ഈ രാജ്യങ്ങളിൽ വച്ചു നടന്ന ടൂർണമെന്റുകളിൽ തങ്ങളെ ഉപദ്രവിച്ചതായി ഗുസ്തി താരങ്ങൾ ഏപ്രിൽ 21ലെ എഫ്‌ഐആറിൽ ആരോപിച്ചിരുന്നു.

ബ്രിജ് ഭൂഷണിനെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ നോട്ടിസ് അയച്ചെങ്കിലും ഇപ്പോഴാണു വിഷയം പുറത്തുവന്നത്. ‘‘എഫ്‌ഐ‌ആറുകൾ സമർപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വിവിധ ഫെഡറേഷനുകൾക്കു നോട്ടിസ് അയച്ചിരുന്നു. അവരിൽ ചിലർ മറുപടിയും നൽകിയിട്ടുണ്ട്’’– ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കേസിൽ ജൂൺ 15നകം കുറ്റപത്രം സമർപ്പിക്കാൻ ഡൽഹി പൊലീസ് ഒരുങ്ങുന്നതിനിടെയാണു നോട്ടിസ് അയച്ച വിവരം പുറത്തുവരുന്നത്. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍, പരിശീലകർ, റഫറിമാർ എന്നിവരുൾപ്പെടെ 200ൽ അധികം ആളുകളിൽനിന്ന് അന്വേഷണ സംഘം ഇതുവരെ മൊഴി രേഖപ്പെടുത്തിയെന്നാണു റിപ്പോർട്ട്. ബ്രിജ് ഭൂഷണിന്റെ ഡബ്ല്യുഎഫ്‌ഐയിലെ സഹപ്രവർത്തകരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!